യുഎസിലെ ഫോക്സ് ന്യൂസ് ചാനലില്‍ ജോലി ചെയ്യുന്ന ഒരു ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന് യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പരിക്കേറ്റതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ കീവിന് പുറത്തുവച്ച് നടന്ന സംഭവത്തില്‍ പരിക്കേറ്റ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ലേഖകന്‍, ബെഞ്ചമിന്‍ ഹാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഫോക്‌സ് സ്ഥിരീകരിച്ചു. ഇതേ ആക്രമണത്തില്‍ മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. അവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു യുഎസ് പത്രപ്രവര്‍ത്തകന്‍ ഞായറാഴ്ച ഇര്‍പിന്‍ പട്ടണത്തില്‍ ഇതേ മേഖലയില്‍ ജോലി ചെയ്യുന്നതിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
തിങ്കളാഴ്ച അപകടം നടക്കുന്ന സമയത്ത് മിസ്റ്റര്‍ ഹാള്‍ വാര്‍ത്താ ശേഖരണത്തിലായിരുന്നു. സിഇഒ സുസെയ്ന്‍ സ്‌കോട്ടാണ് ഫോക്‌സ് ജീവനക്കാരെ അപകട വിവരം മെമ്മോയിലൂടെ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും എല്ലാവരുടേയും പ്രാര്‍ത്ഥന അത്യാവശ്യമാണെന്നും മാത്രമാണ് അവര്‍ പറഞ്ഞത്. യുദ്ധമേഖലയില്‍ നിന്ന് വാര്‍ത്തകള്‍ എത്തിക്കാന്‍ ദിവസേന തങ്ങളുടെ ജീവിതം സമര്‍പ്പിക്കുന്ന എല്ലാ പത്രപ്രവര്‍ത്തകര്‍ക്കും ഇതൊരു വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണെന്നും അവര്‍ കുറിച്ചു.
ഹാള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് യുക്രെയ്ന്‍ ആഭ്യന്തര മന്ത്രിയുടെ ഉപദേശകനായ ആന്റണ്‍ ഗെരാഷ്ചെങ്കോ തിങ്കളാഴ്ച ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വാര്‍ത്താ റിപ്പോര്‍ട്ടര്‍മാരുടെ അവസ്ഥ ശരിക്കും യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലെന്നും എപ്പോള്‍ വേണമെങ്കിലും ഈ സംഘം റഷ്യന്‍ സേനയില്‍ നിന്ന് വെടിവയ്പ്പ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ക്ക് ഇരയായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
39 കാരനായ മിസ്റ്റര്‍ ഹാള്‍, 2015 ലാണ് ഫോക്‌സ് ന്യൂസില്‍ ചേര്‍ന്നത്. വിദേശകാര്യ കവറേജില്‍ ആയിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മിഡില്‍ ഈസ്റ്റിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ നിരവധിയിടങ്ങളിലെ യുദ്ധങ്ങള്‍ പൂര്‍ണമായ രീതിയില്‍ അദ്ദേഹം കവര്‍ ചെയ്തിട്ടുണ്ട്. യുഎസ്-യുകെ ഇരട്ട പൗരത്വമുള്ള അദ്ദേഹം ലണ്ടനില്‍ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയത്.
‘ഹാളിന്റെ ഊഷ്മളതയും നര്‍മ്മബോധവും മികച്ച പ്രൊഫഷണലിസവും ഞങ്ങള്‍ക്കറിയാം. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു’. പ്രസ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഷോണ്‍ ടണ്ടന്‍ പറഞ്ഞു.