റഷ്യ-യുക്രൈൻ യുദ്ധത്തില്‍ ഇരകളായ കുട്ടികളുടെ എണ്ണത്തിൽ ഏഴുശതമാനം വർധനവുണ്ടായതായി സേവ് ദി ചിൽഡ്രൻ സംഘടന. യുദ്ധത്തില്‍ ഇതുവരെ 545 ഓളം കുട്ടികള്‍ കൊല്ലപ്പെടുകയും 1700-ലധികം കുട്ടികൾ അക്രമങ്ങളുടെ ഇരകളായെന്നും സംഘടന വ്യക്തമാക്കി. വേനൽക്കാലം ആരംഭിച്ച കഴിഞ്ഞ മാസങ്ങളിൽ മാത്രം 24 കുട്ടികള്‍ കൊല്ലപ്പെട്ടതായും സേവ് ദി ചിൽഡ്രൻ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, ഈ വർഷം മെയ് മാസം മുതൽ ആഗസ്റ്റ് 13 വരെയുള്ള തീയതികളിലാണ് യുക്രൈനില്‍ ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ടത്. 865 ഓളം പേരാണ് നാലു മാസങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 148 പേര് കുട്ടികളാണ്. ജൂൺ മാസത്തിൽ മാത്രം കൊല്ലപ്പെട്ട 11 കുട്ടികൾ ഉൾപ്പെടെ 43 കുട്ടികളാണ് ആക്രമണത്തിന്റെ ഇരകളായത്. കഴിഞ്ഞ നാലുമാസങ്ങളിൽ, ഡ്രോണുകൾ ഉൾപ്പെടെ വ്യോമമാർഗമുള്ള ആക്രമണങ്ങളും മൂന്നിരട്ടിയായി.
കഴിഞ്ഞ 100-ലധികം വർഷങ്ങളായി യുക്രൈനിലുൾപ്പെടെ വിവിധ രാജ്യങ്ങളിൽ കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടിയും അവരുടെ മെച്ചപ്പെട്ട ഭാവിക്കുവേണ്ടിയും പോരാടുന്ന സംഘടനയാണ് സേവ് ദി ചിൽഡ്രൻ. അന്താരാഷ്ട്ര മാനവികനിയമങ്ങളനുസരിച്ച് സാധാരണ ജനത്തിന്, പ്രത്യേകിച്ച് കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും പൊതുജനസേവനകേന്ദ്രങ്ങളും സ്കൂളുകളും ആശുപത്രികളും സംരക്ഷിക്കപ്പെടണമെന്നും യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇരുരാജ്യങ്ങളോടും സംഘടന ആവശ്യപ്പെടുന്നു. സൈനീക കലാപം രൂക്ഷമായ സുഡാനിലെ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷട്ര സഹായങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംഘടന രംഗത്തെത്തിയിരുന്നു.