Monday, November 25, 2024

റഷ്യ – യുക്രൈന്‍ യുദ്ധം: റഷ്യയ്ക്ക് ആയുധം നല്‍കാന്‍ ഉത്തര കൊറിയ

യുക്രൈനെതിരെയുള്ള യുദ്ധത്തില്‍ റഷ്യയ്ക്ക് ആയുധം നല്‍കാന്‍ ഉത്തര കൊറിയ ഒരുങ്ങുന്നതായി അമേരിക്ക. ഇതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ കൂടിക്കാഴ്ച നടത്തുമെന്നാണ് അമേരിക്കയുടെ ആരോപണം. വൈറ്റ് ഹൗസിന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ (എൻ.എസ്‌.സി) വക്താവ് അഡ്രിയൻ വാട്‌സണാണ് ആരോപണം ഉയര്‍ത്തിയത്.

റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ആയുധചർച്ചകൾ സജീവമായി പുരോഗമിക്കുകയാണെന്നാണ് അഡ്രിയൻ വാട്‌സണിന്റെ ആരോപണം. ഇതിനായി ഈ മാസാവസാനം കിം ജോങ് ഉൻ റഷ്യയുടെ പസഫിക് തീരത്തുള്ള വ്ളാഡിവോസ്റ്റോക്കിലേക്കു പോകും. എതിർപ്പുകളുണ്ടായിരുന്നിട്ടും 2022 -ൽ, സ്വകാര്യ നിയന്ത്രിത വാഗ്നർ മിലിട്ടറി ഗ്രൂപ്പിന്റെ ഉപയോഗത്തിനായി റോക്കറ്റുകളും മിസൈലുകളും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ റഷ്യയ്ക്ക് ഉത്തര കൊറിയ നല്‍കിയതായി യു.എസ് നേരത്തെ ആരോപിച്ചിരുന്നു.

അതേസമയം, റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള ഏതൊരു കരാറും പ്യോങ്‌യാങ്ങുമായുള്ള ആയുധ ഇടപാടുകൾ വിലക്കുന്ന സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങളെ ലംഘിക്കുമെന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ബ്രിട്ടൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

Latest News