Monday, November 25, 2024

റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ അറുനൂറോളം കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി റഷ്യ- ഉക്രൈന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഏകദേശം അറുനൂറോളം കുട്ടികള്‍ കൊല്ലപ്പെട്ടതായി സേവ് ചില്‍ഡ്രന്‍ എന്ന സംഘടന പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. അതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ കുട്ടികള്‍ക്കുള്ള സംരക്ഷണം നല്‍കുന്ന നടപടികള്‍ വിപുലീകരിക്കുവാനും സംഘടന ആവശ്യപ്പെടുന്നു.

യുദ്ധമുഖത്തു നിന്നും മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ സുരക്ഷ തേടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ താല്‍ക്കാലിക സംരക്ഷണം മാത്രമേ ലഭിക്കുന്നുള്ളുവെന്നിരിക്കെ, തിരികെ വീണ്ടും യുദ്ധസാഹചര്യങ്ങളിലേക്ക് മടങ്ങുവാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഇത് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നു.

2022 മാര്‍ച്ച് 4-ന് യൂറോപ്യന്‍ കൗണ്‍സില്‍ താല്‍ക്കാലിക സംരക്ഷണ നിര്‍ദ്ദേശം (TPD) സജീവമാക്കിയെങ്കിലും, ഭാവിയിലേക്കുള്ള സംരക്ഷണകാര്യങ്ങളില്‍ ഇതുവരെ ഉറപ്പുകളൊന്നും നല്‍കിയിട്ടില്ല. അതിനാല്‍ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദീര്‍ഘകാല സംരക്ഷണത്തിനായുള്ള ആവശ്യവും സംഘടന മുന്‍പോട്ടു വയ്ക്കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, 592 ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും, ലക്ഷക്കണക്കിനു കുട്ടികള്‍ മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്തു. സംഘര്‍ഷം അവസാനിക്കുന്നതിന്റെ സൂചനകളൊന്നും കാണിക്കാത്തതും ഇപ്രകാരമുള്ള സംരക്ഷണ നടപടികളുടെ ആവശ്യകത എടുത്തുകാണിക്കുന്നു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

Latest News