സെല്‍ട്രല്‍ യുക്രെയ്‌നിലെ വിനിറ്റ്‌സ്യ നഗരത്തില്‍ റഷ്യന്‍ പട്ടാളം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ ഒരു കുഞ്ഞും ഉള്‍പ്പെടുന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചു.
ഓഫീസ് കെട്ടിടത്തെ ലക്ഷ്യമിട്ട് മൂന്നു മിസൈലുകളാണു പതിച്ചതെന്നു യുക്രെയ്ന്‍ പോലീസ് അറിയിച്ചു. സമീപത്തെ പാര്‍പ്പിടസമുച്ചയവും തകര്‍ന്നു. പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 50 കാറുകള്‍ നശിച്ചു.
നാലു മിസൈലുകള്‍ വെടിവച്ചിട്ടതായും യുക്രെയ്ന്‍ വൃത്തങ്ങള്‍ പറഞ്ഞു. തെക്കന്‍ യുക്രെയ്‌നിലെ മൈക്കോളേവ് നഗരത്തില്‍ കഴിഞ്ഞദിവസമുണ്ടായ മിസൈല്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ മരിച്ചിരുന്നു. കിഴക്കന്‍ യുക്രെയ്‌നിലെ ഡോണറ്റ്‌സ്‌ക് പ്രവിശ്യ നിയന്ത്രണത്തിലാക്കാനായി റഷ്യന്‍ പട്ടാളം കനത്ത ഷെല്ലിംഗ് തുടരുകയാണ്.