Tuesday, November 26, 2024

റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ യുക്രെയ്ന്‍ സേനയുടെ അപ്രതീക്ഷിത മുന്നേറ്റം

റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ യുക്രെയ്ന്‍ സേനയുടെ അപ്രതീക്ഷിത മുന്നേറ്റം ഇന്നലെയും തുടര്‍ന്നു. ഖാര്‍കീവ് ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ മേഖലയിലാണു യുക്രെയ്ന്‍ പട്ടാളം പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നത്. കഴിഞ്ഞദിവസം ഖാര്‍കീവില്‍ നേരിട്ട അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ച റഷ്യന്‍ പട്ടാളത്തിനു നിന്നനില്‍പ്പില്‍ പിന്തിരിഞ്ഞോടേണ്ടിവന്നു. യുക്രെയ്ന്‍ പട്ടാളം വളഞ്ഞതിനെത്തുടര്‍ന്ന് വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉപേക്ഷിച്ചായിരുന്നു റഷ്യന്‍ പട്ടാളത്തിന്റെ പിന്മാറ്റം.

റഷ്യന്‍ പട്ടാളക്കാര്‍ അവരെക്കൊണ്ടു പറ്റുന്ന ഏറ്റവും നല്ല കാര്യമായ പിന്തിരിഞ്ഞോട്ടമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പരിഹസിച്ചു. ഈ മാസം 3000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം റഷ്യയില്‍നിന്നു തിരിച്ചുപിടിച്ചതായി യുക്രെയ്ന്‍ പട്ടാള മേധാവി ജനറല്‍ വലേറി അറിയിച്ചു. യുക്രെയ്ന്‍ പട്ടാളം ഇപ്പോള്‍ റഷ്യന്‍ അതിര്‍ത്തിയില്‍നിന്ന് കേവലം 50 കിലോമീറ്റര്‍ മാത്രം അകലെയാണ്.

കീവ് പിടിക്കാനുള്ള റഷ്യന്‍ പട്ടാളത്തിന്റെ ശ്രമം പരാജയപ്പെടുത്തിയശേഷം യുക്രെയ്ന്‍ പട്ടാളം നേടുന്ന ഏറ്റവും വലിയ വിജയമാണു കഴിഞ്ഞ ദിവസത്തേത്. തെക്കന്‍ മേഖലയിലെ അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനാണ് യുക്രെയ്ന്‍ ഇതുവരെ ശ്രമിച്ചിരുന്നത്. ഇതു ചെറുക്കുന്നതിലായിരുന്നു റഷ്യന്‍ പട്ടാളത്തിന്റെ ശ്രദ്ധ.

 

Latest News