യുക്രെയ്‌നിലെ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യ ആക്രമണം ശക്തമാക്കുന്നതില്‍ കടുത്ത ആശങ്ക. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ പല നഗരങ്ങളും തുടര്‍ച്ചയായ ഷെല്ലാക്രമണത്തിന് വിധേയമായി. റഷ്യന്‍സേനയില്‍ നിന്നു തിരിച്ചുപിടിച്ച നഗരങ്ങളിലേക്കു നാട്ടുകാര്‍ തിരിച്ചെത്തിയതിനാല്‍ ആക്രമണങ്ങള്‍ ആള്‍നാശം വര്‍ധിപ്പിക്കുമെന്നാണ് ആശങ്ക. വടക്കുകിഴക്കന്‍ മേഖലകളില്‍നിന്നു പിന്‍വാങ്ങേണ്ടിവന്നതോടെ ജനവാസങ്ങള്‍ക്കുനേരെ ആക്രമണം റഷ്യ ശക്തമാക്കാന്‍ സാധ്യതയുണ്ടെന്നു ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയവും മുന്നറിയിപ്പു നല്‍കി.
കഴിഞ്ഞ ദിവസം ഡോണെറ്റ്‌സ്‌ക് മേഖലയില്‍ റഷ്യന്‍ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. നികോപോളില്‍ നിരവധി വലിയ കെട്ടിടങ്ങളും ഗ്യാസ് പൈപ്പ് ലൈനും വൈദ്യുതിലൈനുകളും തകര്‍ന്നു. മൈകലേവ് നഗരത്തില്‍ ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തില്‍ ഏതാനും പേര്‍ക്കു പരുക്കേറ്റു.
ആണവ, രാസ ആയുധങ്ങള്‍ പ്രയോഗിക്കരുതെന്ന് റഷ്യയോട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. യുദ്ധം പതിവുമട്ടില്‍ നിന്നു മാറാന്‍ സാധ്യതയുണ്ടെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ സൂചനയെ തുടര്‍ന്നാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.