റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ഒരവസാനവും കാണാതെ തുടരുകയാണ്. യുദ്ധം വർധിച്ചുവന്ന ഈ വേനൽക്കാലത്ത്, 2022-നുശേഷമുള്ള സിവിലിയൻ മരണങ്ങൾ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. യുദ്ധം ആരംഭിച്ചതിനുശേഷം ഏകദേശം ഒരു ദശലക്ഷം യുക്രേനിയക്കാരും റഷ്യക്കാരും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെടുകയോ, പരിക്കേൽക്കുകയോ ചെയ്തതായി കഴിഞ്ഞ മാസം വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ ഭൂരിഭാഗവും ഇരുവശത്തുമുള്ള സൈനികരും യുക്രേനിയൻ പൗരന്മാരുമായിരുന്നു എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സർക്കാർ കണക്കുകൾപ്രകാരം, 2024-ന്റെ ആദ്യപകുതിയിൽ യുക്രൈനിൽ ജനിച്ചതിനെക്കാൾ മൂന്നിരട്ടി ആളുകൾ മരിച്ചതായി ഡബ്ല്യു. എസ്. ജെ. തയ്യാറാക്കിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
യുക്രൈന്റെ ജനസംഖ്യാപരമായ ഭാവിയെക്കുറിച്ച്, വിദഗ്ദ്ധർ യുദ്ധം തുടങ്ങിയതിനുശേഷം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 18-25 വയസ്സ് പ്രായമുള്ള പുരുഷന്മാരെ യുദ്ധത്തിൽ അണിനിരത്താൻ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി വിസമ്മതിച്ചതിന്റെ ഒരു കാരണം, ജനസംഖ്യാപരമായ കുറവാണ്. കാരണം, അവരിൽ ഭൂരിഭാഗം ആളുകൾക്കും ഇതുവരെ കുട്ടികളായിട്ടില്ല. 25-നും 60-നുമിടയിൽ പ്രായമുള്ളവരാണ് യുക്രൈൻ പട്ടാളക്കാർ.
ജൂണിൽ, ‘റഷ്യൻ ആക്രമണകാരികൾ’ 551 കുട്ടികൾ ഉൾപ്പെടെ 12,000-ത്തിലധികം സാധാരണക്കാരെ കൊന്നതായി യുക്രേനിയൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. സെപ്റ്റംബർ 23 വരെ യുക്രൈനിൽ 7,001 പേർ കൊല്ലപ്പെട്ടതായും 20,000- ത്തിലധികം സാധാരണക്കാർക്ക് പരിക്കേറ്റതായും വിവിധ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.
ഏകദേശം 95% പൗരന്മാരും കൊല്ലപ്പെട്ടത് ജനവാസമേറിയ പ്രദേശങ്ങളിലാണെന്നും ഡൊണെറ്റ്സ്ക് മേഖലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചതെന്നും എ. ഒ. എ. വി. പറഞ്ഞു.