ഏറെനാളുകളായി റഷ്യന്‍ നിയന്ത്രണത്തിലുള്ള യുക്രെയ്‌നിലെ സപോറിഷിയ ആണവ നിലയം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്പരം പഴിചാരി യുക്രൈനും റഷ്യയും. നിലയത്തിലെ ഓപറേറ്റിംഗ് പവര്‍ യൂണിറ്റില്‍ നിന്ന് 400 മീറ്റര്‍ മാറിയാണ് ഷെല്ലുകള്‍ പതിച്ചത്. ഇതേ തുടര്‍ന്ന് ആണവവികിരണമൊഴിവാക്കാന്‍ ഒരു നിലയത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി.
തങ്ങള്‍ക്കെതിരായ ആക്രമണം നടത്താനുള്ള സൈനിക താവളമാക്കി റഷ്യ ആണവ നിലയത്തെ മാറ്റിയതായി യുക്രൈന്‍ ആരോപിച്ചു. അതേസമയം, ഉറാഗാന്‍ റോക്കറ്റ് ആണ് പതിച്ചതെന്നും യുക്രൈന്‍ സേനയാണ് അത് തൊടുത്തതെന്നും റഷ്യ പറയുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയാണിത്. ശുദ്ധീകരിച്ച ആണവ ഇന്ധന സംഭരണകേന്ദ്രവും ആണവ വികിരണ നിയന്ത്രണസ്ഥാനവും നിലകൊള്ളുന്നത് ഇതിന് തൊട്ടരികെയാണ്. നിലയത്തിന്റെ ഭരണനിര്‍വഹണ ഓഫിസ് കെട്ടിടങ്ങളും തൊട്ടുചേര്‍ന്ന സംഭരണ കേന്ദ്രവും ആക്രമണത്തില്‍ തകര്‍ന്നു. ഇപ്പോഴും പ്രവര്‍ത്തനക്ഷമമായ നിലയത്തിനരികെ റോക്കറ്റ് പതിച്ചത് ആശങ്കയുയര്‍ത്തുന്നുണ്ട്.
നിലയം റഷ്യ പിടിച്ചെങ്കിലും ഇപ്പോഴും പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് യുക്രൈന്‍ വിദഗ്ധരാണ്. ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടപര്‍ ജനറല്‍ റാഫേല്‍ മാരിയാനോ ഉത്കണ്ഠ അറിയിച്ചു.
അതിനിടെ യുക്രൈനില്‍ നിന്ന് ധാന്യങ്ങളുമായി നാലു കപ്പലുകള്‍ കൂടി പുറപ്പെട്ടു. ചോളവും സോയയും കയറ്റിയ കപ്പലുകളാണ് രാജ്യം വിട്ടത്. കരിങ്കടലില്‍ പുതുതായി പിവ്‌ഡെനില്‍ തുറമുഖം വഴിയും കപ്പലുകള്‍ പുറപ്പെട്ടത് യുക്രൈന് ആശ്വാസമാകും.