Monday, November 25, 2024

യുക്രൈന്‍ ധാന്യനീക്ക ഉടമ്പടി പുതുക്കില്ലെന്ന് റഷ്യ

കരിങ്കടലിലൂടെയുള്ള ധാന്യനീക്കത്തിന് യുക്രൈനുമായുള്ള ഉടമ്പടി പുതുക്കിനല്‍കില്ലെന്ന് റഷ്യ. യുഎസിൽ നിന്നും യുക്രൈൻ ക്ലസ്റ്റർ ബോംബുകൾ സ്വീകരിച്ചതിനു പിന്നാലെയാണ് റഷ്യയുടെ പുതിയ നീക്കം. യുഎന്നിന്റെയും തുർക്കിയുടെയും മധ്യസ്ഥശ്രമത്തിന്റെ ഫലമായി ഒപ്പുവച്ച കരാറിന്റെ ബലത്തില്‍ യുദ്ധത്തിനിടയിലും യുക്രൈനിൽ നിന്നും ചരക്ക് നീക്കം ചെയ്തിരുന്നു.

ലോകത്തിലെ വലിയ ധാന്യ ഉൽപാദക രാജ്യങ്ങളാണ് റഷ്യയും യുക്രൈനും. നേരത്തെ, ചരക്കുനീക്കത്തിന് അനുമതി നൽകുന്ന കരാറിൽ നിന്ന് റഷ്യ ഇടക്കാലത്ത് പിൻവാങ്ങിയതോടെ കരിങ്കടലിലൂടെയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായിരുന്നു. ഇതേ തുടര്‍ന്ന് യുഎന്നിന്റെയും തുർക്കിയുടെയും നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന് പ്രശ്നം പരിഹരിച്ചിരുന്നു.

ചരക്കുനീക്കം യുദ്ധതന്ത്രമോ, യുദ്ധത്തിനുള്ള മറയോ ആക്കരുതെന്ന നിബന്ധനയോടെ റഷ്യ വിട്ടുവീഴ്ചക്ക് തയാറാവുകയായിരുന്നു. പിന്നാലെ 32 ദശലക്ഷം ടണ്ണിലേറെ ധാന്യമാണ് പ്രത്യേക ഉടമ്പടിപ്രകാരം കരിങ്കടലിലൂടെ യുക്രൈന്‍ കയറ്റി അയച്ചത്. എന്നാല്‍ ഒരാഴ്ച മുന്നേ യുഎസില്‍ നിന്നും ക്ലസ്റ്റര്‍ ബോംബുകള്‍ യുക്രൈന് ലഭിച്ചത് റഷ്യയെ പ്രകോപിപ്പിച്ചതായാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് റഷ്യയുടെ നടപടി.

അതേസമയം, ചരക്കുനീക്കം മുടങ്ങുന്നതോടെ ആഗോളതലത്തിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകാനും വിലക്കയറ്റത്തിനും സാധ്യതയുണ്ട്. ഇത് 20% വരെ വിലക്കയറ്റത്തിനു കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും തുര്‍ക്കിയുടെ നേതൃത്വത്തില്‍ പ്രശ്നപരിഹാരത്തിനായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

Latest News