Thursday, April 3, 2025

യുദ്ധസാഹചര്യങ്ങളിൽ റഷ്യ വീണ്ടും പുതിയ മിസൈൽ ഉപയോഗിക്കും: പുടിൻ

യുക്രൈൻ നഗരമായ ഡ്നിപ്രോയിൽ റഷ്യ പുതിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതിനു തൊട്ടുപിന്നാലെ, ‘ഉപയോഗിക്കാൻ തയ്യാറായ’ ശക്തമായ പുതിയ മിസൈലുകളുടെ ശേഖരം തങ്ങളുടെ പക്കലുണ്ടെന്നു വെളിപ്പെടുത്തി പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഒറെഷ്നിക് മിസൈൽ തടയാൻ കഴിയില്ലെന്നും ‘പോരാട്ട സാഹചര്യങ്ങളിൽ’ ഉൾപ്പെടെ കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്നും പുടിൻ വ്യക്തമാക്കിയതായി ബി. ബി. സി. റിപ്പോർട്ട് ചെയ്തു.

ഒരാഴ്ച കൊണ്ട് യുക്രൈൻ – റഷ്യ യുദ്ധസാഹചര്യം കൂടുതൽ വഷളായിരിക്കുകയാണ്. ഇരുരാജ്യങ്ങളും പരസ്പരം മാരകമായ മിസൈലുകൾ ഉപയോഗിച്ചുകഴിഞ്ഞു. തന്റെ പ്രവർത്തനങ്ങളുടെ യഥാർഥ അനന്തരഫലങ്ങൾ പുടിൻ അനുഭവിക്കുന്നതിനായി ലോകനേതാക്കൾ ‘ഗൗരവമായ പ്രതികരണം’ നൽകണമെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, യുദ്ധം കൂടുതൽ കടുപ്പിക്കുന്നതിനുള്ള നടപടികളാണ് റഷ്യ സ്വീകരിക്കുന്നത്. ഒറെഷ്നിക് ഹൈപ്പർ സോണിക് മിസൈലുകൾ ശബ്ദത്തിന്റെ 10 മടങ്ങ് വേഗതയിൽ പറന്നുവെന്നും അവ ഉൽപാദിപ്പിക്കാൻ ഉത്തരവിട്ടതായും വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിൽ പുടിൻ പറഞ്ഞു. യുക്രൈൻ സ്റ്റോം ഷാഡോ, അറ്റാംസ് മിസൈലുകൾ ഉപയോഗിച്ചതിനുള്ള പ്രതികരണമാണ് മിസൈലിന്റെ ഉപയോഗമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

പുതിയ മിസൈലുകൾക്ക് യുക്രൈന്റെ പ്രതിരോധസംവിധാനത്തെ തകർക്കാനുള്ള കെൽപ്പുണ്ടെന്ന് റിസ്ക് അഡ്വൈസറി കമ്പനിയായ സിബിലൈനിന്റെ സി. ഇ. ഒ. യും സ്ഥാപകനുമായ ജസ്റ്റിൻ ക്രമ്പും വെളിപ്പെടുത്തുന്നു. റഷ്യയ്‌ക്കൊപ്പം നോർത്ത് കൊറിയ കൂടെ ചേർന്നതോടെ യുദ്ധവും കൂടുതൽ ശക്തമാകുകയാണ്. ഇതിൽ ലോകരാജ്യങ്ങൾ ആശങ്ക പുലർത്തുണ്ട്.

Latest News