സമഗ്ര ആണവപരീക്ഷണ നിരോധന ഉടമ്പടിയിൽ നിന്ന് (സി.ടി.ബി.ടി) പിന്മാറുന്നതായി റഷ്യയുടെ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട ബില്ലില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമാര്‍ പുടിന് ഒപ്പുവച്ചു. പാശ്ചാത്യരാജ്യങ്ങള്‍ ഉക്രൈനു നല്കുന്ന പിന്തുണയാണ് റഷ്യയുടെ പിന്മാറ്റത്തിനു കാരണമെന്നാണ് അഭ്യൂഹം.
ആണവ-പരീക്ഷണങ്ങള്‍ വിലക്കുന്ന ആഗോള ഉടമ്പടിയില്‍ നിന്നു പിന്മാറുന്ന ബില്ല് കഴിഞ്ഞ ദിവസമാണ് ഇരുസഭകളിലും അവതരിപ്പിച്ചത്. ഉടമ്പടിയില്‍നിന്നു പിന്മാറുന്ന തീരുമാനത്തിന് ഇരുസഭകളിലെയും അംഗങ്ങള്‍ പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചതോടെ അന്തിമ അംഗീകാരത്തിനായി റഷ്യന്‍ പ്രസിഡന്റിനു കൈമാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബില്ലിന് പുടിന് വ്യാഴാഴ്ച അംഗീകാരം നല്‍കിയത്.
1996 -ല്‍ നിലവില്‍വന്ന സി.ടി.ബി.ടി ഉടമ്പടിയില്‍ ഇതുവരെ 187 രാജ്യങ്ങള്‍ ഒപ്പിടുകയും 178 രാജ്യങ്ങള്‍ അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ യു.എസ്, ചൈന, ഇന്ത്യ, ഈജിപ്ത്, ഇറാൻ, ഇസ്രായേൽ, ഉത്തരകൊറിയ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇതുവരെ സി.ടി.ബി.ടി അംഗീകരിച്ചിട്ടില്ല. എന്നാല്‍, ഉടമ്പടി നിലവിൽവന്നശേഷം പത്തുതവണ മാത്രമാണ് ലോകത്ത് ആണവപരീക്ഷണങ്ങള്‍ നടന്നിട്ടുളളത്.
അതേസമയം, ഉടമ്പടിയില്‍നിന്നും റഷ്യ പിന്മാറിയെങ്കിലും ആണവപരീക്ഷണം ഉടൻ നടത്തുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മോസ്കോ, ആണവപരീക്ഷണ നിരോധനത്തെ മാനിക്കുന്നതായും യു. എസ് ആണവപരീക്ഷണം നടത്തിയാല്‍ മാത്രമെ തങ്ങളും പരീക്ഷണം പുനരാരംഭിക്കുവെന്നും സെർജി ലാവ്റോവ് കഴിഞ്ഞമാസം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം, യു.എസ് ഗ്രാവിറ്റി അണുബോംബ് വികസിപ്പിക്കുകയാണ് എന്ന പ്രഖ്യാപനം നടത്തിയതാണോ സി.ടി.ബി.ടി ഉടമ്പടിയില്‍നിന്നും പിന്മാറാന് റഷ്യയെ പ്രേരിപ്പിച്ചതെന്നും സംശയമുണ്ട്.