യുക്രൈന്‍ അധിനിവേശം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്തെ മൂന്ന് ലക്ഷം റിസര്‍വ് സൈനികരെ കൂടി യുദ്ധമുഖത്തിറക്കാനുള്ള ശ്രമത്തിലാണ് പുടിന്‍. എന്നാല്‍, ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നതിനു പിന്നാലെ റഷ്യയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളെല്ലാം പുരുഷന്മാരെക്കൊണ്ട് നിറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. യുദ്ധമുഖത്തേക്ക് പോകുന്നത് ഒഴിവാക്കാന്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ് ഇവര്‍. ഈ സാഹചര്യത്തില്‍ 18നും 65നുമിടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് ടിക്കറ്റുകള്‍ നല്‍കരുതെന്ന് തീരുമാനമെടുത്തിരിക്കുകയാണ് റഷ്യന്‍ വിമാനക്കമ്പനികള്‍.
അര്‍മേനിയ, ജോര്‍ജിയ, അസര്‍ബൈജാന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങളിലെ ടിക്കറ്റുകളെല്ലാം ബുധനാഴ്ച വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്. ഇസ്താംബൂളിലേക്ക് നിരവധി പേര്‍ റഷ്യയില്‍ നിന്ന് കടന്നതായി തുര്‍ക്കിഷ് എര്‍ലൈന്‍സും കണക്കുകള്‍ നിരത്തുന്നു. യുക്രൈനിലേക്ക് യുദ്ധത്തിന് പോകേണ്ടത് സംബന്ധിച്ച് പുടിന്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് വിദേശരാജ്യങ്ങളിലേക്കുള്ള ഈ ഒഴുക്കെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുടിന്റെ പുതിയ സൈനിക തന്ത്രത്തിനെതിരെ രാജ്യത്ത് വ്യാപകപ്രതിഷേധം ഉയരുന്നതായാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാന നഗരങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. നൂറ് കണക്കിന് പ്രതിഷേധക്കാരെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ അതിര്‍ത്തിയില്‍ രാജ്യം വിടാനായെത്തിയവരുടെ വാഹനങ്ങളുടെ കിലോമീറ്റര്‍ നീണ്ട നിരയുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റഷ്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത് ‘റഷ്യയില്‍ നിന്ന് ഏങ്ങനെ പുറത്ത് കടക്കാം’ എന്നതാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.