യുക്രെയ്‌നിലെ ലവ്യുവില്‍ റഷ്യ നടത്തിയ ക്രൂസ് മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ കെട്ടിടം തകരുകയും പ്രദേശത്ത് തീ പടരുകയും ചെയ്തു. അതിനിടെ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഒഡേസ പ്രദേശം മുഴുവന്‍ വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ട് ഇരുട്ടിലായി. ഒഡേസയിലെ വൈദ്യുത നിലയത്തിനു നേര്‍ക്കായിരുന്നു ഡ്രോണ്‍ ആക്രമണമുണ്ടായത്.
170,000ഓളം കുടുംബങ്ങള്‍ ഇതോടെ ഇരുട്ടിലായി. റഷ്യ തൊടുത്ത 11 ഡ്രോണുകളില്‍ ഒന്‍പതും 14 ക്രൂസ് മിസൈലുകളില്‍ ഒമ്പതും തകര്‍ത്തതായി യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ യുക്രെയ്‌നിന്റെ ഊര്‍ജനിലയങ്ങള്‍ക്കു നേര്‍ക്ക് റഷ്യ ആക്രമണം കടുപ്പിച്ചിട്ടുണ്ട്.
ഇത് നിരവധി പ്രദേശങ്ങളില്‍ കാര്യമായ നാശനഷ്ടമുണ്ടാക്കി. കഴിഞ്ഞയാഴ്ച റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കിഴക്കന്‍ ഖാര്‍കിവ് മേഖലയിലെ ഏറ്റവും വലിയ താപവൈദ്യുത നിലയങ്ങളിലൊന്നായ സ്മിവ് തെര്‍മല്‍ പവര്‍ പ്ലാന്റ് പൂര്‍ണമായും നശിച്ചു. ഈ മാസം 22 നുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഈ മേഖലയിലെ ഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും ഇരുട്ടിലാണ്. ഇതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ വാര്‍ഷിക സൈനിക റിക്രൂട്ട്‌മെന്റിനുള്ള ഉത്തരവില്‍ ഒപ്പിട്ടു.
150,000 സൈനികരെയാണു പുതുതായി റിക്രൂട്ട് ചെയ്യുന്നത്. സൈന്യത്തെ വിപുലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റഷ്യന്‍ പാര്‍ലമെന്റ് നിര്‍ബന്ധിത സൈനിക സേവനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 27-ല്‍ നിന്ന് 30 ആയി ഉയര്‍ത്തിയിരുന്നു.