യുക്രെയ്നില്‍ ജനവാസമേഖലകളില്‍ കനത്ത റോക്കറ്റാക്രമണം നടത്തി വീണ്ടും റഷ്യ. ക്രാമറ്റോസ്‌ക് നഗരത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 62 കെട്ടിടങ്ങളാണ് തകര്‍ന്നത്. ആക്രമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം. യുക്രെയ്നിലെ വടക്കുകിഴക്കന്‍ മേഖലയില്‍ അതിര്‍ത്തിയില്‍ നിന്ന് 200 കിലോമീറ്റര്‍ ദൂരത്താണ് ക്രാമറ്റോസ്‌ക് നഗരം സ്ഥിതിചെയ്യുന്നത്.
റഷ്യ രണ്ടു റോക്കറ്റുകളാണ് ജനവാസ നഗരത്തിന് നേരെ പ്രയോഗിച്ചത്. കെട്ടിടങ്ങള്‍ക്കൊപ്പം റോഡിലൂടെ കടന്നുപോയിരുന്ന വാഹനങ്ങളും റോഡുകളുമെല്ലാം തകര്‍ന്നു. ഡോണ്‍സ്റ്റീക് മേഖലയിലെ ഒരു ഗ്രാമം പിടിച്ചെടുത്തു എന്ന പ്രസ്താവന റഷ്യ നടത്തിയതിന് പിന്നാലെയാണ് റോക്കറ്റ് ആക്രമണം നടത്തിയത്.
ഇതിനിടെ യുക്രെയ്ന് അമേരിക്ക നല്‍കിയ റോക്കറ്റ് വിക്ഷേപണി തകര്‍ത്തെന്നും വിദേശ ശക്തികളുടെ സഹായത്താല്‍ യുദ്ധം തുടര്‍ന്നാല്‍ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പാണ് റഷ്യ നല്‍കുന്നത്. ഇതിനിടെ യുക്രെയ്നില്‍ നിന്നുള്ള കല്‍ക്കരി കയറ്റിയ കപ്പല്‍ അന്താരാഷ്ട്ര ധാരണ പ്രകാരം ഇറ്റലി തുറമുഖത്തെത്തി. നേരത്തേ 20ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്യാന്‍ ഐക്യരാഷ്ട്രസഭ യുക്രെയ്ന് അനുമതി നല്‍കിയിരുന്നു. തുറമുഖങ്ങളില്‍ നിന്ന് കപ്പലുകള്‍ കടത്തിവിടാന്‍ റഷ്യ അനുവദിച്ചിട്ടുമുണ്ട്.