യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിനെ ലക്ഷ്യമാക്കി റഷ്യയുടെ കനത്ത ആക്രമണം. റഷ്യന്‍ മിസൈലുകള്‍ ഇന്നലെ നഗരത്തില്‍ പതിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ‘കൊടുംഭീകരത’ എന്നാണ് ആക്രമണത്തെ ഖാര്‍കിവ് മേഖലാ ഗവര്‍ണര്‍ ഒലെ സിനെയ്ഹുബോബ് വിശേഷിപ്പിച്ചത്.
മൂന്നു മിസൈലുകളാണു സാധാരണക്കാര്‍ താമസിക്കുന്ന ഇടങ്ങളില്‍ പതിച്ചത്. ഇവ കൃത്യമായും സിവിലിയന്മാരെ ലക്ഷ്യമിട്ടു വിക്ഷേപിച്ചതാണെന്നു ഗവര്‍ണര്‍ ആരോപിച്ചു. ഒരു മിസൈല്‍ സ്‌കൂള്‍ തകര്‍ത്തു. രണ്ടാമത്തേതു പാര്‍പ്പിടസമുച്ചയവും മൂന്നാമത്തേതു വെയര്‍ഹൗസും ലക്ഷ്യമിട്ടുള്ളതായിരുന്നു. ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കിഴക്കന്‍ യുക്രെയ്‌നിലെ പാര്‍പ്പിടസമുച്ചയത്തിനു നേരേ റഷ്യ നടത്തിയ മിസൈലാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് എട്ടു പേരെ രക്ഷപ്പെടുത്തി. ഷസിവ് യാരിലെ മൂന്നു പാര്‍പ്പിട സമുച്ചയങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു.