വടക്കുകിഴക്കന്‍ യുക്രെയ്ന്‍ നഗരമായ ഹര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 4 മരണം. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. സുരക്ഷാ ഷെല്‍ട്ടറിലേക്കു മാറാന്‍ നഗരഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഹര്‍കീവില്‍ വലിയ പോരാട്ടം നടന്നിരുന്നെങ്കിലും റഷ്യന്‍ സേന ഡോണ്‍ബാസിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയും യുക്രെയ്ന്‍ സൈന്യം നിലയുറപ്പിക്കുകയും ചെയ്തതോടെ ഹര്‍കീവ് കഴിഞ്ഞ കുറച്ചുനാളുകളായി സമാധാനം കൈവരിച്ചിരുന്നു.
ഇതിനിടെ, കിഴക്കന്‍ യുക്രെയ്‌നിലെ റഷ്യന്‍ അനുകൂല വിമത മേഖലയായ ഡോണ്‍ബാസില്‍ റഷ്യ നാല്‍പതിലേറെ സ്ഥലങ്ങളില്‍ ഷെല്ലാക്രമണം നടത്തി. മേഖലയിലുള്ള സീവിയറൊഡോണെറ്റ്‌സ്, ലൈസിഷാന്‍സ്‌ക് എന്നീ നഗരങ്ങള്‍ വളയാന്‍ ശ്രമം തുടരുന്നു. ഇവ വീണാല്‍ ഡോണ്‍ബാസിലെ ലുഹാന്‍സ്‌ക് പ്രവിശ്യ റഷ്യന്‍ കരങ്ങളിലാകും. ഈ നഗരങ്ങളിലേക്കുള്ള തന്ത്രപ്രധാനമായ ഹൈവേ, റഷ്യ കുറച്ചുനേരം നിയന്ത്രണത്തിലാക്കിയെങ്കിലും യുക്രെയ്ന്‍ തിരിച്ചുപിടിച്ചു.
ഡോണ്‍ബാസില്‍ ഇതുവരെ 8000 ല്‍ അധികം യുക്രെയ്ന്‍കാരെ യുദ്ധക്കുറ്റവാളികളായി പിടിച്ചെന്ന് റഷ്യന്‍ വൃത്തങ്ങള്‍ പറഞ്ഞു. മരിയുപോളിലും ലൈസിഷാന്‍സ്‌കിലും കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. നൂറുകണക്കിനു മൃതശരീരങ്ങള്‍ ഇവയിലുണ്ട്.
കിസിഞ്ജറെ വിമര്‍ശിച്ച് സെലന്‍സ്‌കി
ക്രിമിയ, ഡോണ്‍ബാസ് പ്രദേശങ്ങള്‍ റഷ്യക്കു വിട്ടുകൊടുക്കുന്നതായിരിക്കും യുക്രെയ്‌നു നല്ലതെന്ന് അഭിപ്രായപ്പെട്ട മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിഞ്ജറെ രൂക്ഷമായി വിമര്‍ശിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി.
1938ല്‍ ചെക്കോസ്ലോവാക്യയുടെ പ്രദേശങ്ങള്‍ നാസി ജര്‍മനിക്കു വിട്ടുകൊടുത്തതിനു സമാന നിര്‍ദേശമാണു കിസിഞ്ജര്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് സെലന്‍സ്‌കി പറഞ്ഞു.