ഉക്രൈനിലെ ഊർജ്ജ വിതരണ സംവിധാനങ്ങളെ തകരാറിലാക്കുവാൻ റഷ്യൻ ആക്രമണം. കീവിലെയും മറ്റു പ്രധാന നഗരങ്ങളിലെയും ഊർജ്ജ വിതരണ സംവിധാനങ്ങളെ ആണ് റഷ്യ തകരാറിലാക്കിയത്. തൽഫലമായി ഉക്രൈനിൽ പലയിടങ്ങളിലും വൈദ്യുതി നിലച്ചു.
ഉക്രൈനിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്കു ശേഷം 24 മണിക്കൂർ പിന്നിടുമ്പോഴാണ് അടുത്ത ആക്രമണവും ഉണ്ടായത്. ആക്രമണത്തിന്റെ ഫലമായി മധ്യ നഗരമായ ഡിനിപ്രോയിൽ രണ്ട് പ്ലാന്റുകളിൽ സാരമായ കേടുപാടുകൾ സംഭവിക്കുകയും ഷൈറ്റോമൈറിൽ വൈദ്യുത വിതരണം താറുമാറാകുകയും ചെയ്തു.
ഇറാനിയൻ നിർമ്മിതമെന്ന് വിശ്വസിക്കപ്പെടുന്ന ആളില്ലാ ഡ്രോണുകൾ തലസ്ഥാനത്തും വടക്കൻ നഗരമായ സുമിയിലും നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് എട്ട് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളെ തകർക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് റഷ്യ നടത്തുന്നത്. റഷ്യ തുടർ ആക്രമണത്തിലൂടെ സാധാരണക്കാരെ ഭയപ്പെടുത്തുകയും കൊല്ലുകയും ചെയ്യുകയാണെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പ്രതികരിച്ചു.