Monday, November 25, 2024

ഹിറ്റ്‌ലര്‍ ജൂതനെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്; മാപ്പ് പറയണമെന്ന് ഇസ്രയേല്‍

മുന്‍ നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്ലറിന് ‘യഹൂദ രക്തം ഉണ്ടായിരുന്നു’ എന്ന റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അഭിപ്രായപ്പെട്ടതിനെ പിന്നാലെ ഇസ്രായേല്‍ രംഗത്ത്. യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെ ‘നാസി’ എന്ന് വിശേഷിപ്പിക്കുന്നതിനായാണ് സെര്‍ജി ലാവ്‌റോവ് ഈ അഭിപ്രായപ്രകടനം നടത്തിയത്. എന്നാല്‍, ഇതില്‍ പ്രതിഷേധിച്ച് ഇസ്രയേല്‍ റഷ്യന്‍ അംബാസഡറെ വിളിച്ച് വരുത്തി ഇക്കാര്യത്തില്‍ വിശദീകരണം വേണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. റഷ്യന്‍ വിദേശകാര്യ മന്ത്രിക്കെതിരെ ഇസ്രേലില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിലെ ഹോളോകോസ്റ്റില്‍ നാസി ജര്‍മ്മനി ആറ് ദശലക്ഷം ജൂതന്മാരെ കൊലപ്പെടുത്തിയെന്ന് കണക്കുകള്‍ പറയുന്നു. ചിരത്രത്തിലെ ഏറ്റവും ദുഖകരമായ ആ നാളുകളുടെ സ്മരണ നിലനിര്‍ത്താനായി ഇസ്രായേല്‍ ഹോളോകോസ്റ്റ് അനുസ്മരണ ദിനം ആചരിച്ചതിന് പിന്നാലെയാണ് സെര്‍ജി ലാവ്‌റോവിന്റെ പരാമര്‍ശം വന്നത്. ഞായറാഴ്ച ഇറ്റാലിയന്‍ ടിവി പ്രോഗ്രാമായ സോണ ബിയാങ്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാവ്റോവ് ഇക്കാര്യം പറഞ്ഞത്. ഇസ്രായേലി ജനത തങ്ങളുടെ വാര്‍ഷിക കലണ്ടറിലെ ഏറ്റവും ഗൗരവമേറിയ ദിവസങ്ങളിലൊന്നായി കാണുന്ന ദിനമാണ് ഹോളോകോസ്റ്റ് അനുസ്മരണ ദിനം.

സെര്‍ജി ലാവ്‌റോവിന്റെ പ്രസ്താവനയെ ഇസ്രേയില്‍ രോഷത്തോടെയാണ് സ്വീകരിച്ചത്. : ‘ഇത്തരം നുണകള്‍ ജൂതന്മാരെ തന്നെ കുറ്റപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ചരിത്രത്തിലെ ഭയാനകമായ കുറ്റകൃത്യങ്ങള്‍, അങ്ങനെ യഹൂദന്മാരെ അടിച്ചമര്‍ത്തുന്നവരെ അവരുടെ ഉത്തരവാദിത്തത്തില്‍ നിന്ന് മോചിപ്പിക്കുന്നു.’ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു.

‘ഇന്ന് ഒരു യുദ്ധവും ഹോളോകോസ്റ്റ് അല്ല അല്ലെങ്കില്‍ ഹോളോകോസ്റ്റ് പോലെയല്ല’. അദ്ദേഹം ആവര്‍ത്തിച്ചു. ‘ക്ഷമിക്കാനാവില്ല’ എന്നായിരുന്നു ലാവ്റോവിന്റെ വാക്കുകളോട് പ്രതികരിക്കവേ ഇസ്രായേല്‍ വിദേശകാര്യമന്ത്രി യെയര്‍ ലാപിഡ് പ്രതികരിച്ചത്. ഇസ്രായേലിലെ യാദ് വാഷേം ഹോളോകോസ്റ്റ് സ്മാരകത്തിന്റെ തലവന്‍ ഡാനി ദയാനും ലാവ്റോവിനെ അപലപിച്ചു. പരാമര്‍ശങ്ങള്‍ അസംബന്ധവും വ്യാമോഹവും അപകടകരവും ഏത് അപലപത്തിനും യോഗ്യവുമാണെന്ന് ഡാനി ദയാന്‍ ട്വീറ്റ് ചെയ്തു.

 

Latest News