യുക്രൈനിലൂടെ കടന്നുപോകുന്ന സോവിയറ്റ് കാലഘട്ടത്തിലെ പൈപ്പ്‌ലൈനുകൾ വഴി യൂറോപ്പിലേക്കുള്ള റഷ്യൻ വാതക കയറ്റുമതി പുതുവത്സര ദിനത്തിൽ നിലച്ചു. ഏകദേശം മൂന്നുവർഷത്തെ യുദ്ധത്തിനിടയിലും വാതകം ഒഴുകിക്കൊണ്ടിരുന്നെങ്കിലും യുക്രൈൻ ഒരു ട്രാൻസിറ്റ് കരാർ പുതുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് അത് നിർത്തിയതായി റഷ്യയുടെ വാതക കമ്പനിയായ ഗാസ്പ്രോം പറഞ്ഞു.
സ്ലൊവാക്യയും ഓസ്ട്രിയയും പോലെ യുക്രൈൻവഴി റഷ്യൻ വാതകം വാങ്ങുന്ന യൂറോപ്യൻ യൂണിയൻ ബദൽ വിതരണം ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ യുക്രൈന്റെ അയൽരാജ്യമായ മോൾഡോവയിൽനിന്ന് വേർപിരിഞ്ഞ റഷ്യൻ അനുകൂല മേഖലയായ ട്രാൻസ്‌ഡ്‌നീസ്‌ട്രിയയും വാതകപ്രവാഹത്തെ ആശ്രയിക്കുന്നു. യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി, തന്റെ രാജ്യത്തിലൂടെ യൂറോപ്പിലേക്കുള്ള വാതകഗതാഗതം അവസാനിപ്പിച്ചത് ‘മോസ്കോയുടെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ്’ എന്നും യൂറോപ്പിലേക്ക് കൂടുതൽ ഗ്യാസ് വിതരണം നടത്താൻ യു. എസിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ട്രാൻസിറ്റ് കരാർ നീട്ടാൻ വിസമ്മതിച്ച യുക്രൈൻ, റഷ്യൻ വാതകം ഉപേക്ഷിക്കാനുള്ള തീരുമാനം യൂറോപ്പ് ഇതിനകംതന്നെ എടുത്തിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
“റഷ്യൻ വാതകഗതാഗതം ഞങ്ങൾ നിർത്തി. ഇതൊരു ചരിത്രസംഭവമാണ്. റഷ്യയ്ക്ക് അതിന്റെ വിപണികൾ നഷ്‌ടപ്പെടുന്നു. അതിനാൽ ഇത് വലിയ സാമ്പത്തികനഷ്ടം നേരിടും” – യുക്രൈന്റെ ഊർജമന്ത്രി ജർമൻ ഗലുഷ്‌ചെങ്കോ പ്രസ്താവനയിൽ പറഞ്ഞു.
റഷ്യയിൽ നിന്നുള്ള ട്രാൻസിറ്റ് ഫീസിൽ യുക്രൈന് പ്രതിവർഷം ഒരു ബില്യൺ ഡോളർ വരെ നഷ്ടമാകും. നഷ്ടം നികത്താൻ ഗാർഹിക ഉപഭോക്താക്കൾക്കുള്ള ഗ്യാസ് ട്രാൻസ്മിഷൻ താരിഫുകൾ ബുധനാഴ്ച മുതൽ നാലിരട്ടിയായി വർധിപ്പിച്ചു. ഇത് രാജ്യത്തെ വ്യവസായത്തിന് പ്രതിവർഷം 38.2 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.