സമാധന നോബേല്‍ ജേതാവും റഷ്യന്‍ മാധ്യമ പ്രവര്‍ത്തകനുമായ ദിമിത്രി മുറാറ്റോവിന് നേരെ ആക്രമണം. ട്രെയിനില്‍ സഞ്ചരിക്കവേ അസെറ്റോണ്‍ സോള്‍വെന്റ് പുരട്ടിയ ചുവന്ന പെയിന്റ് ഒഴിച്ചാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്. റഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൊവായ ഗസറ്റ് എന്ന അന്വേഷണാത്മക പത്രത്തിന്റെ എഡിറ്ററാണ് ദിമിത്രി മുറാറ്റോവ്.
‘മുറാറ്റോവ്, ഈ ആക്രമണം ഞങ്ങളുടെ ആണ്‍കുട്ടികള്‍ക്ക് വേണ്ടിയാണെന്ന്’ ആക്രമണകാരി ആക്രോശിച്ച് പറഞ്ഞതായും, അദ്ദേഹം പറഞ്ഞു. മോസ്‌കോ-സമാര ട്രെയിനില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. റഷ്യന്‍ അനുകൂലിയാണ് ആക്രമിച്ചെതെന്നാണ് റിപ്പോര്‍ട്ട്.
യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യന്‍ അധികാരികളെ നിശിതമായി വിമര്‍ശിക്കുന്ന പത്രമാണ് നൊവായ ഗസറ്റ്. ആക്രമണത്തിന്റെ ചിത്രങ്ങള്‍ നൊവായ ഗസറ്റ് അവരുടെ ടെലിഗ്രാം ചാനലില്‍ പ്രസിദ്ധീകരിച്ചു. റഷ്യക്ക് പുറത്തും പ്രസിദ്ധീകരിക്കുമെന്ന് പത്രം അറിയിച്ചു. റഷ്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തെ മാനിച്ചാണ് 2021-ല്‍ മുറാറ്റോവിന് സമാധാന നോബേല്‍ സമ്മാനിച്ചത്.
യുക്രെയ്‌നിലെ റഷ്യയുടെ പ്രവര്‍ത്തനങ്ങളെ ”യുദ്ധം” എന്ന് വിശേഷിപ്പിക്കുന്ന ആര്‍ക്കും കനത്ത പിഴയോ അടച്ചുപൂട്ടലോ നേരിടേണ്ടിവരുമെന്ന് റഷ്യന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതിനെതുടര്‍ന്ന് യുക്രൈനിലെ റഷ്യയുടെ പ്രത്യേക സൈനിക നടപടി അവസാനിക്കുന്നതുവരെ പ്രിന്റ്, ഓണ്‍ലൈന്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി നൊവായ ഗസറ്റ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.