Monday, November 25, 2024

യുക്രൈന്‍ അധിനിവേശത്തിനെതിരെ ടിവി ചാനലില്‍ പ്രതിഷേധിച്ച റഷ്യന്‍ മാധ്യമപ്രവര്‍ത്തക വീട്ടുതടങ്കലില്‍ നിന്ന് രക്ഷപെട്ടു

യുക്രൈന്‍ അധിനിവേശത്തിനെതിരെ റഷ്യന്‍ സര്‍ക്കാര്‍ ടിവി ചാനലില്‍ ലൈവ് പ്രോഗ്രാം നടക്കുന്നതിനിടെ പ്രതിഷേധിച്ച റഷ്യന്‍ മാധ്യമപ്രവര്‍ത്തക വീട്ടുതടങ്കലില്‍ നിന്ന് രക്ഷപെട്ടുവെന്ന് റിപ്പോര്‍ട്ട്. 44 കാരിയായ മറീന ഓവ്‌സ്യാനിക്കോവയാണ് വീട്ടുതടങ്കലില്‍ നിന്ന് രക്ഷപെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മറീന ഓവ്‌സ്യാനിക്കോവയുടെ പേര് റഷ്യയുടെ ‘വാണ്ടഡ് ലിസ്റ്റില്‍’ വന്നിരുന്നു. റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനല്‍ വണ്‍ വാര്‍ത്താ ചാനലിലാണ് മറീന യുദ്ധ വിരുദ്ധ പോസ്റ്ററുമായി സ്റ്റുഡിയോയില്‍ എത്തിയത്. വാര്‍ത്ത വായിച്ചുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്നില്‍ യുദ്ധ വിരുദ്ധ ബാനര്‍ ഉയര്‍ത്തി നില്‍ക്കുകയാണ് മറീന ചെയ്തത്.

‘യുദ്ധം വേണ്ട, യുദ്ധം നിര്‍ത്തുക, നുണപ്രചാരണങ്ങള്‍ വിശ്വസിക്കാതിരിക്കുക, അവര്‍ നിങ്ങളോട് നുണ പറയുകയാണ്’ എന്നിങ്ങനെ എഴുതിവച്ച പോസ്റ്ററാണ് മറീന ഉയര്‍ത്തിക്കാട്ടിയത്.

മറീനയുടെ ഭര്‍ത്താവാണ് ഇവര്‍ വീട്ടുതടങ്കലില്‍ നിന്ന് 11 കാരിയായ മകളുമൊത്ത് രക്ഷപെട്ട വിവരം പുറത്തറിയിക്കുന്നത്. ഇതിന് പിന്നാലെ തിങ്കളാഴ്ച മറീനയുടെ പേര് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മറീനയുടെ ചിത്രം സഹിതമാണ് ഓണ്‍ലൈന്‍ വാണ്ടഡ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Latest News