Tuesday, November 26, 2024

സാപ്പോറിഷ്യയില്‍ റഷ്യന്‍ മിസൈല്‍; 23 പേര്‍ കൊല്ലപ്പെട്ടു

യുക്രെയ്‌നിലെ സാപ്പോറിഷ്യയില്‍ സിവിലിയന്‍ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് റഷ്യന്‍ പട്ടാളം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. സാപ്പോറഷ്യയിലെ യുക്രെയ്ന്‍ ഗവര്‍ണര്‍ ഒലക്‌സാണ്ടര്‍ സ്റ്റാറുക്ക് ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ നിയന്ത്രിത സാപ്പോറിഷ്യയിലേക്കു പോകുകയായിരുന്ന ദുരിതാശ്വാസപ്രവര്‍ത്തകരുടെ വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്.

ആക്രമണത്തെത്തുടര്‍ന്നുണ്ടായ വലിയ ഗര്‍ത്തത്തിന്റെയും ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും കത്തിക്കരിഞ്ഞ വാഹനങ്ങളുടെയും ചിത്രങ്ങള്‍ ഗവര്‍ണര്‍ പുറത്തുവിട്ടു. യുക്രെയ്‌നിലെ അധിനിവേശ പ്രദേശങ്ങളായ ലുഹാന്‍സ്‌ക്, ഡോണറ്റ്‌സ്‌ക്, ഖേര്‍സണ്‍, സാപ്പോറിഷ്യ എന്നിവ ഔദ്യോഗികമായി റഷ്യയോടു കൂട്ടിച്ചേര്‍ക്കുന്ന പ്രഖ്യാപനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഒപ്പുവയ്ക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു സംഭവം.

യുക്രെയ്ന്‍ പ്രദേശങ്ങളെ നിയമവിരുദ്ധമായി കൂട്ടിച്ചേര്‍ക്കുന്നത് കൂടുതല്‍ ഉപരോധങ്ങള്‍ക്കു കാരണമാകുമെന്ന് പാശ്ചാത്യ ശക്തികള്‍ റഷ്യയ്ക്കു മുന്നറിയിപ്പു നല്കിയിട്ടുണ്ട്. നാലു പ്രദേശങ്ങളും റഷ്യയില്‍നിന്നു തിരിച്ചുപിടിക്കുമെന്നാണ് യുക്രെയ്ന്‍ വ്യക്തമാക്കിയിട്ടുള്ളത്.

 

Latest News