റഷ്യൻ അധിനിവേശ പ്രദേശങ്ങളോടു ചേർന്ന് യുക്രൈന് നിയന്ത്രണത്തിലുള്ള ക്രാമാറ്റോർസ്കിൽ മിസൈല്‍ ആക്രമണം. സംഭവത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മറ്റൊരു നഗരമായ ഖാർഖിവിലുണ്ടായ റഷ്യൻ ഷെല്ലാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
യുക്രൈന് സൈന്യത്തിന്റെ പ്രാദേശിക ആസ്ഥാനം സ്ഥിതിചെയ്യുന്ന നഗരമാണ് ക്രാമാറ്റോർസ്ക്. ഇവിടുത്തെ തിരക്കേറിയ പിസ റസ്റ്റോറന്റ് ലക്ഷ്യമാക്കിയായിരുന്നു റഷ്യന്‍ മിസൈല്‍ പതിച്ചത്. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നതായും കുടുങ്ങിക്കിടന്ന 56-ഓളം പേരെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷിക്കാന്‍ കഴിഞ്ഞതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മാധ്യമപ്രവർത്തകരും സൈനികരും പ്രദേശവാസികളും ഉള്‍പ്പടെ നിരവധി ആളുകള്‍ സ്ഥിരമായി എത്തുന്ന സ്ഥലമാണ് തകര്‍ന്ന പിസ റസ്റ്റോറന്റ്.
“പിസാ ഭക്ഷണശാലക്കു പുറമെ, 18 ബഹുനില മന്ദിരങ്ങൾ, 65 വീടുകൾ, അഞ്ച് സ്കൂളുകൾ, രണ്ട് കിന്റർഗാർട്ടനുകൾ, ഒരു ഷോപ്പിങ് സെന്റർ, സർക്കാർ കെട്ടിടം, ക്ലബ്ബ് എന്നിവയും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്” – പ്രാദേശിക ഗവര്‍ണര്‍ പാവ്ലോ കിരിലെങ്കോ പറഞ്ഞു. എസ്-300 മിസൈലുകൾ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്നും അദ്ദേഹം അറിയിച്ചു. ക്രാമാറ്റോർസ്കിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് ഇരട്ടസഹോദരിമാരുമുണ്ട്.