ഉക്രൈനിൽ വീണ്ടും ആക്രമണം ശക്തമാക്കി റഷ്യ. ഉക്രൈനിലെ പ്രധാന നഗരങ്ങളിൽ വെള്ളിയാഴ്ച രാത്രി നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. 160 തോളം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കീവ്, ഒഡേസ, ഖാർകീവ്, ലിവിവ് നഗരങ്ങളിലാണ് റഷ്യ ഒരേസമയം ആക്രമണം നടത്തിയത്.
ഉക്രെയ്നിയൻ സേന വ്യോമാക്രമണങ്ങളെ ഒരു പരിധിവരെ തടഞ്ഞിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി എല്ലാ പ്രതിരോധവും മറികടന്ന് റഷ്യ ആക്രമണം നടത്തുകയായിരുന്നു. ഹൈപ്പർസോണിക്, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പ്രയോഗിച്ചതെന്നും 114 മിസൈലുകൾ വെടിവച്ചിട്ടെന്നും ഉക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ തകർന്ന കെട്ടിടത്തിൽ കുരുങ്ങിയവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. കീവിൽ വ്യോമാക്രമണങ്ങളിൽനിന്ന് രക്ഷനേടാനായി ജനങ്ങൾ ആശ്രയിച്ചിരുന്ന മെട്രോ സ്റ്റേഷന് നേരെയും ആക്രമണമുണ്ടായി. ഇവിടെ ഒൻപതു പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
ലിവിവിൽ മാത്രം 15 മിസൈലുകളാണ് പതിച്ചത്. ഖാർകീവിൽ 20 മിസൈലുകളാണ് പതിച്ചിട്ടുണ്ട്. ഇവിടെ മൂന്നുപേർ കൊല്ലപ്പെടുകയും 13പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു ആശുപത്രിയും ആക്രമണത്തിൽ തകർന്നു. ക്രിമിയയിൽ റഷ്യൻ യുദ്ധക്കപ്പൽ യുക്രെയ്ൻ കഴിഞ്ഞയാഴ്ച തകർത്തിരുന്നു. ഇതിന് മറുപടിയായാണ് പുതിയ ആക്രമണം എന്നാണ് റഷ്യയുടെ വിശദീകരണം.