Thursday, April 3, 2025

റഷ്യയെ യുദ്ധക്കുറ്റ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

യുക്രൈന്‍ തലസ്ഥാനമായ കീവിലും മറ്റ് പ്രദേശങ്ങളിലും റഷ്യന്‍ സേന യുദ്ധക്കുറ്റങ്ങള്‍ ചെയ്തതിന് തെളിവുകള്‍ കണ്ടെത്തിയതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. നിയമവിരുദ്ധമായ ആക്രമണങ്ങളും സാധാരണക്കാരെ കൂട്ടത്തോടെ കൊലപ്പെടുത്തിയതുമുള്‍പ്പെടെ റഷ്യന്‍ സേന നടത്തിയ ക്രൂരമായ കുറ്റകൃത്യങ്ങളില്‍ സംഘടന തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉത്തരവിട്ടവരുള്‍പ്പെടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്നസ് കാലമര്‍ഡ് പറഞ്ഞു.

ബുച്ചയുള്‍പ്പെടെ കീവിന് സമീപമുള്ള എട്ട് പ്രദേശങ്ങളില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചതായി സംഘടന അറിയിച്ചു. റഷ്യന്‍ സേന ബുച്ചയില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷം നിരവധി മൃതദേഹങ്ങളാണ് ബുച്ചയിലെ തെരുവുകളില്‍ നിന്ന് കണ്ടെത്തിയത്. ഇവയില്‍ പലതും കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടിയ നിലയിലും കൂട്ടക്കുഴിമാടങ്ങളിലുമായിരുന്നു. ബുച്ചയില്‍ നിന്ന് 135 സാധാരണക്കാരുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ കണ്ടെത്തിയതെന്ന് കീവ് ഗവര്‍ണര്‍ അലക്‌സാണ്ടര്‍ പാവ്‌ലിയുക്ക് പറഞ്ഞു.

ബുച്ചയില്‍ കണ്ടെത്തിയ കൂട്ടകുഴിമാടങ്ങളില്‍ റഷ്യ വ്യാപകമായി ആരോപണവിധേയരായെങ്കിലും തങ്ങളുടെ ലക്ഷ്യം യുക്രൈനിലെ സൈനിക കേന്ദ്രങ്ങള്‍ മാത്രമാണെന്നും ആരോപണങ്ങളെല്ലാം വ്യാജമാണെന്നും റഷ്യ ആവര്‍ത്തിച്ചു.

Latest News