യുക്രൈനുമായി നേരിട്ടുള്ള ചർച്ചകൾക്കു തയ്യാറാണെന്നു പറഞ്ഞ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ചർച്ചകൾ മെയ് 15 നു മുൻപുതന്നെ ആരംഭിക്കണമെന്നും പുടിൻ പറഞ്ഞു.
“സംഘർഷത്തിന്റെ മൂലകാരണങ്ങൾ നീക്കം ചെയ്ത് ശാശ്വതവും ശക്തവുമായ സമാധാനത്തിലേക്കു നീങ്ങാൻ തുടങ്ങുന്നതിന് ചർച്ചകൾ അനിവാര്യമാണ്. മെയ് 15 ന്, ഇസ്താംബൂളിൽ വച്ച് ചർച്ചകൾ ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” – രാത്രി വൈകി നടത്തിയ അപൂർവ ടെലിവിഷൻ പ്രസംഗത്തിൽ പുടിൻ പറഞ്ഞു. മുൻ ഉപാധികളില്ലാതെ ചർച്ചകൾ നടത്തണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
യു കെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുൾപ്പെടെയുള്ള യൂറോപ്യൻ നേതാക്കൾ യുക്രൈൻ സന്ദർശിച്ച് നിരുപാധികമായ 30 ദിവസത്തെ വെടിനിർത്തലിനു സമ്മതിക്കാൻ റഷ്യയോട് ആവശ്യപ്പെട്ടതിന് മണിക്കൂറുകൾക്കു ശേഷമാണ് പുടിൻ ഈ കാര്യം അറിയിച്ചത്. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ സംയുക്ത ഫോൺസംഭാഷണത്തിനു ശേഷം വൈറ്റ് ഹൗസിന്റെ പിന്തുണയോടെയാണ് 30 ദിവസത്തെ വെടിനിർത്തൽ എന്ന ആവശ്യം വന്നതെന്ന് യൂറോപ്യന്മാർ പറഞ്ഞു. എന്നാൽ ചർച്ചകൾക്കുവേണ്ടിയുള്ള പുടിന്റെ നിർദേശത്തോട് കീവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.