യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. അടുത്ത രണ്ടു ദിവസത്തേയ്ക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ തീരുമാനം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് റഷ്യ യുക്രൈനില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തുന്നത്. റഷ്യയിലെ 76 കാരനായ ഓര്‍ത്തഡോക്‌സ് നേതാവ് പാത്രിയാര്‍ക്കീസ് കിറിലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പ്രഖ്യാപനം.
‘2023 ജനുവരി ആറിന് 12.00 മുതല്‍ 2023 ജനുവരി 7 ന് 24.00 വരെ ഇരുരാജ്യങ്ങളും തമ്മിലുള്ള മുഴുവന്‍ സമ്പര്‍ക്ക നിരയിലും വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താന്‍ ഞാന്‍ റഷ്യന്‍ ഫെഡറേഷന്റെ പ്രതിരോധ മന്ത്രിയോട് നിര്‍ദേശിക്കുന്നു’. റഷ്യ പ്രസ്താവനയില്‍ അറിയിച്ചു.
യാഥാസ്ഥിതികത അവകാശപ്പെടുന്ന ധാരാളം പൗരന്മാര്‍ യുദ്ധമേഖലകളില്‍ താമസിക്കുന്നു എന്ന വസ്തുത കണക്കിലെടുത്ത്, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും ക്രിസ്മസ് രാവില്‍ പള്ളിയില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കാനും യുക്രൈനോട് ആവശ്യപ്പെടുന്നതായും റഷ്യ കൂട്ടിച്ചേര്‍ത്തു.