Saturday, April 19, 2025

ഹോളോകോസ്റ്റിനെ അതിജീവിച്ച 96-കാരന്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഹോളോകോസ്റ്റിനെ അതിജീവിച്ച 96-കാരനായ യുക്രേനിയക്കാരന്‍, ബോറിസ് റൊമാന്‍ചെങ്കോ ഖാര്‍കിവിലെ ഒരു റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബുക്കന്‍വാള്‍ഡ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ട്വീറ്റുകളിലൂടെ റൊമാന്‍ചെങ്കോയുടെ മരണം സ്ഥിരീകരിച്ചത്.

രണ്ടാം ലോകമഹായുദ്ധസമയത്ത് ബുച്ചന്‍വാള്‍ഡ്, പീനെമുണ്ടെ, ഡോറ, ബെര്‍ഗന്‍-ബെല്‍സെന്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളെ അതിജീവിച്ച വ്യക്തിയാണ് റൊമാന്‍ചെങ്കോ. ബുച്ചന്‍വാള്‍ഡ്-ഡോറ ഇന്റര്‍നാഷണല്‍ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം നാസി കുറ്റകൃത്യങ്ങള്‍ക്കെതിരെ തീവ്രമായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ്.

‘മാര്‍ച്ച് 18 ന് സാള്‍ട്ടിവ്ക റെസിഡന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിലെ ഷെല്ലാക്രമണത്തെക്കുറിച്ച് സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ നിന്നാണ് അറിഞ്ഞത്. എന്റെ മുത്തച്ഛന്റെ വീടിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ എന്ന് ഞാന്‍ പലരോടും അന്വേഷിച്ചിരുന്നു. അവര്‍ എനിക്ക് കത്തുന്ന വീടിന്റെ വീഡിയോയാണ് അയച്ചു തന്നത്. കര്‍ഫ്യൂ ആയിരുന്നതിനാല്‍ എനിക്ക് പെട്ടെന്ന് അവിടെ പോകാന്‍ കഴിഞ്ഞില്ല’. ബോറിസിന്റെ ചെറുമകള്‍ യൂലിയ റൊമാന്‍ചെങ്കോ കണ്ണീരോടെ പറയുന്നു. യൂലിയ ആ പ്രദേശത്തെത്തുമ്പോഴേക്കും അവളുടെ മുത്തച്ഛന്റെ വീട് പൂര്‍ണ്ണമായി കത്തിനശിച്ചിരുന്നു. ജനാലകളോ ബാല്‍ക്കണിയോ പോലും അവശേഷിച്ചിരുന്നില്ല.

രണ്ടാം ലോക മഹായുദ്ധത്തിലെ ഏറ്റവും വലിയ നാസി തടങ്കല്‍പ്പാളയമായിരുന്നു ബുക്കന്‍വാള്‍ഡ്. ‘ജര്‍മ്മന്‍ നാസി ഭരണകൂടത്തിന്റെ അതിക്രൂരതയുടെ പ്രതീകം’ എന്നാണ് ആ ക്യാമ്പ് അറിയപ്പെട്ടിരുന്നതും. അവിടെ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ പട്ടിണിക്കിടുകയും ചുട്ടുകൊല്ലുകയും തല്ലുകയും തൂക്കിലേറ്റുകയും വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു. ആ ക്രൂരതകളെ അതിജീവിച്ച വ്യക്തിയാണ് റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

യുക്രെയ്‌നില്‍ ജീവിച്ചിരുന്ന അവസാനത്തെ ഏതാനും ബുച്ചന്‍വാള്‍ഡ് തടവുകാരില്‍ ഒരാളായിരുന്നു ബോറിസ് റോമന്‍ചെങ്കോ. 96 കാരനായ അദ്ദേഹം രണ്ടാം ലോകമഹായുദ്ധ കാലത്ത് നാല് ഭീകര ക്യാമ്പുകളെ അതീജിവിച്ച വ്യക്തിയാണ്. യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആന്‍ഡ്രി യെര്‍മാക് തന്റെ ടെലിഗ്രാം അക്കൗണ്ടില്‍ റൊമാന്‍ചെങ്കോയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. യുക്രേനിയന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയും റൊമാന്‍ചെങ്കോയുടെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തി.

Latest News