പോരാട്ടം തുടരുന്ന കിഴക്കന്‍ യുക്രൈന്‍ നഗരമായ സീവിയേറോഡൊനെറ്റ്സ്‌കില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള അവസാന വഴികളും റഷ്യന്‍ സൈന്യം വിച്ഛേദിച്ചു. ഡോണ്‍ബാസ് മേഖലയില്‍ തങ്ങളുടെ ഏകപക്ഷീയമായ വിജയത്തിനാണ് റഷ്യന്‍ നീക്കം. നഗരത്തിലേക്കുള്ള അവസാന പാലവും റഷ്യന്‍സേന നശിപ്പിച്ചു. നഗരത്തില്‍ അവശേഷിക്കുന്നവര്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ പോലും റഷ്യ അനുവദിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നു.
സീവിയേറോഡൊനെറ്റ്സ്‌ക് നഗരത്തിന്റെ 70 ശതമാനവും ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലായി കഴിഞ്ഞതായി പ്രാദേശിക ഗവര്‍ണര്‍ സെര്‍ജി ഗൈഡായി പറഞ്ഞു. കിഴക്കന്‍ ഡോണ്‍ബാസ് പ്രദേശത്തിനായുള്ള യുദ്ധത്തിന്റെയും റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഗതിയെയും നിയന്ത്രിക്കാന്‍ കഴിയുന്ന സീവിയേറോഡൊനെറ്റ്‌സ്‌കിന്‍ നഗരത്തെ പ്രതിരോധത്തില്‍ സഹായിക്കുന്നതിനായി കൂടുതല്‍ പാശ്ചാത്യ ആയുധങ്ങള്‍ അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയനോടും നാറ്റോയോടും യുക്രൈന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരി 24 ന് തുടങ്ങിയ യുദ്ധം നാലാം മാസത്തിലേക്ക് കടന്നു. അധിനിവേശത്തിന്റെ ആദ്യഘട്ടത്തില്‍ യുക്രൈന്റെ വടക്ക് പടിഞ്ഞാറ് നിന്നാണ് റഷ്യ അക്രമിച്ച് തുടങ്ങിയത്. എന്നാല്‍, രണ്ട് മാസത്തോളം നീണ്ട ആ ആദ്യഘട്ടത്തില്‍ റഷ്യയ്ക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല വലിയ തിരിച്ചടികളുമുണ്ടായി.