Sunday, November 24, 2024

ഖാര്‍കീവില്‍ റഷ്യന്‍ മുന്നേറ്റം; യുക്രെയ്ന്‍ സേന പിന്‍വാങ്ങി

റഷ്യന്‍ സേനയുടെ മുന്നേറ്റത്തില്‍ പതറിയ യുക്രെയ്ന്‍ സേന ഖാര്‍കീവ് മേഖലയിലെ ഒട്ടേറെ ഗ്രാമങ്ങളില്‍നിന്നു പിന്മാറി. കനത്ത ആക്രമണം നേരിടുന്ന പശ്ചാത്തലത്തില്‍ തന്ത്രപ്രധാന സ്ഥലങ്ങളിലേക്കു മാറിയെന്നാണ് യുക്രെയ്ന്‍ സേനയുടെ വിശദീകരണം. മുമ്പ് റഷ്യന്‍ ആക്രമണത്തില്‍ പിന്മാറേണ്ടിവന്നപ്പോഴൊക്കെ ഇതേ ഭാഷയിലാണു യുക്രെയ്ന്‍ പ്രതികരിച്ചിട്ടുള്ളത്.

ലുക്യാന്‍സ്‌കി, വൊവ്ചാന്‍സ് പ്രദേശങ്ങളില്‍നിന്നാണു പിന്മാറ്റം. ജനങ്ങളുടെയും സൈനികരുടെയും ജീവന്‍ രക്ഷിക്കാനും നഷ്ടം ഒഴിവാക്കാനുമാണു പിന്മാറ്റമെന്നു സൈന്യം വിശദീകരിച്ചു. ഖാര്‍കീവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി വിദേശപര്യടനങ്ങളെല്ലാം റദ്ദാക്കി. വരും ദിവസങ്ങളിലെ വിദേശപരിപാടികളെല്ലാം മാറ്റിവയ്ക്കാനാണ് പ്രസിഡന്റ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി അറിയിച്ചു.

യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവിനെ ലക്ഷ്യമിട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റഷ്യന്‍ സേന ആക്രമണം തുടങ്ങിയത്. മേഖലയിലെ ഒട്ടേറെ ഗ്രാമപ്രദേശങ്ങള്‍ റഷ്യന്‍ നിയന്ത്രണത്തിലായി. ഖാര്‍കീവ് നഗരപ്രാന്തത്തിലെ വൊവ്ചാന്‍സ് പട്ടണത്തിന്റെ തെരുവുകളില്‍ റഷ്യന്‍ സേന പ്രവേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ നേട്ടങ്ങള്‍ക്കു തന്ത്രപരമായ പ്രാധാന്യം ഇല്ലെങ്കിലും യുക്രെയ്ന്‍ സേനയുടെ വീര്യം കെടുത്താനാകും.

ഇതിനിടെ, തെക്കുപടിഞ്ഞാറന്‍ റഷ്യയിലെ കസാനില് യുക്രെയ്ന്‍ സേന ഡ്രോണ്‍ ആക്രമണം നടത്തി. രണ്ടു വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചതായി റഷ്യ അറിയിച്ചു.

 

Latest News