യുക്രൈനിൽ നിന്ന് കുട്ടികളെ നിർബന്ധിതമായി റഷ്യയിലേക്ക് കടത്തുന്നത് ‘മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യം’ ആണെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം പതിനായിരക്കണക്കിന് കുട്ടികളെ ഇത്തരത്തിൽ കടത്തിക്കൊണ്ടുപോയതായാണ് യുഎൻ അന്വേഷണ കമ്മീഷൻ വ്യക്തമാക്കുന്നത്. യുക്രൈനിൽ റഷ്യൻ അധിനിവേശത്തെക്കുറിച്ച് പഠിക്കാൻ യുഎൻ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷനാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ഏകദേശം 20,000 കുട്ടികളെ റഷ്യയിലേക്കും ബെലാറസിലേക്കും അനധികൃതമായി അയച്ചതായി യുക്രൈൻ പറയുന്നു. ഇവരിൽ പലരെയും റഷ്യൻ കുടുംബങ്ങൾക്ക് ദത്തെടുക്കാൻ വിട്ടുകൊടുത്തു. ഇത് ജനീവ കൺവെൻഷന്റെ നഗ്നമായ ലംഘനമാണ്. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ടുള്ള റഷ്യയുടെ നടപടി യുദ്ധക്കുറ്റങ്ങളുടെ പട്ടികയിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
2022 ൽ മോസ്കോ യുക്രേനിയൻ പ്രദേശങ്ങളിൽ നിന്ന് കൊണ്ടുപോയ 1,205 കുട്ടികളുടെ കേസുകൾ യുഎൻ കമ്മീഷൻ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഈ കുട്ടികളിൽ 80% കുട്ടികളെയും ഇതുവരെ തിരിച്ചയച്ചിട്ടില്ലെന്നും, പ്രായപൂർത്തിയാകാത്തവർ എവിടെയാണെന്ന് പല മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും ഇന്നുവരെ അറിയില്ലെന്നുമാണ് റിപ്പോർട്ട് പറയുന്നത്. ഇവ യഥാക്രമം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളുമാണെന്ന് യുഎൻ പറയുന്നു.

