കിഴക്കൻ യുക്രേനിയൻ നഗരമായ ക്രാമാറ്റോർസ്കിൽ റഷ്യയുടെ മിസൈല്‍ ആക്രമണം. സംഭവത്തില്‍ ഒരു കുട്ടി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. പരിക്കേറ്റവരെ കണ്ടെത്തുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള നീക്കങ്ങള്‍ തുടരുകയാണ്.
ക്രാമാറ്റോർസ്ക് ലക്ഷ്യമിട്ട് റഷ്യ തൊടുത്ത മിസൈലുകളില്‍ ആദ്യത്തേത് റെസ്റ്റോറന്റില്‍ പതിക്കുകയായിരുന്നു. രണ്ടാമത്തെ മിസൈൽ നഗരത്തിനു സമീപമുള്ള ഒരു ഗ്രാമത്തിലാണ് പതിച്ചത്. ആക്രമണത്തില്‍ തകർന്ന റസ്റ്റോറന്റിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. സംഭവത്തില്‍ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അതേസമയം, ക്രാമാറ്റോർസ്കിലെ ആക്രമണത്തിനു പുറമേ, മധ്യ യുക്രൈനിൽ ക്രെമെൻചുക് നഗരത്തിലും റഷ്യ മിസൈൽ ആക്രമണം നടത്തി. എന്നാൽ ഇവിടെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ക്രെമെൻചുക്കിലെ ഒരു ഷോപ്പിംഗ് മാളിൽ 20 പേരുടെയെങ്കിലും ജീവൻ അപഹരിച്ച ആക്രമണത്തിന് കൃത്യം ഒരു വർഷത്തിനു ശേഷമാണ് ഈ സംഭവം നടന്നത്.