പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി കശ്മീരിനെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും നടത്തിയ പരാമർശത്തിന് ശക്തമായ മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന പരാമർശത്തിനെതിരെയാണ് എസ്.ജയശങ്കർ പ്രതികരിച്ചത്. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിനെത്തിയ അവസരത്തിൽ പാക്ക് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആണ് ബിലാവൽ ഇപ്രകാരം പറഞ്ഞത്.
ഭീകരവാദത്തെ ഒരുമിച്ചു നേരിടാമെന്നും ബിലാവൽ കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഭീകരവാദത്തിന്റെ ഇരകളും അതു നടത്തുന്നവരും തമ്മിൽ ഒരുമിച്ചു ചർച്ചയ്ക്കിരിക്കാറില്ലെന്ന് ജയശങ്കർ മറുപടി നൽകി. കശ്മീർ ഇന്നും എന്നും എപ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നും ഭീകരവാദത്തെ വ്യവസായമായി കൊണ്ടുനടക്കുന്ന പാക്കിസ്ഥാന്റെ വിദേശകാര്യമന്ത്രി ഭീകരതയുടെ വക്താവും പ്രായോജകനും ഗുണഭോക്താവുമാണ് എന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ ബിലാവൽ ഭൂട്ടോയുടെ നിലപാട് അപഹാസ്യമാണെന്നും ജയശങ്കർ പറഞ്ഞു.