അതിര്‍ത്തികള്‍ തുറക്കാനുള്ള ഓസ്‌ട്രേലിയന്‍ തീരുമാനം സ്വാഗതം ചെയത് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. അതിര്‍ത്തികള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ വഴിയൊരുക്കിയെന്ന് എസ് ജയശങ്കര്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥികള്‍ മടങ്ങി തുടങ്ങിയെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രിയും പറഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയ അതിര്‍ത്തി തുറക്കുന്നത്.
കൊറോണ കാലത്ത് ആരംഭിച്ച വിസ നിരോധനമാണ് ഓസ്ട്രേലിയ ഇപ്പോള്‍ നീക്കിയത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകുന്ന വിസ നിയന്ത്രണം നീക്കിയത്. വിവിധ സര്‍വ്വകലാശാലകളില്‍ പഠനത്തിന് ചേര്‍ന്നവരാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി വിസ നിയന്ത്രണത്താല്‍ ദുരിതമനുഭവിച്ചത്. പുതുതായി വിവിധ കോഴ്സുകള്‍ക്ക് ചേര്‍ന്നവര്‍ക്കും കൊറോണ നിയന്ത്രണം കാരണം ഓസ്ട്രേലിയയിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല.
പുതിയ തീരുമാനപ്രകാരം രണ്ടു വാക്സിനെടുത്ത എല്ലാവര്‍ക്കും വിസ നല്‍കാനാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചവര്‍ക്കും മുന്‍ഗണനയുണ്ട്. സന്ദര്‍ശക വിസ ലഭിച്ചവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇനി ഓസ്ട്രേലിയയിലേക്ക് എത്താമെന്നും പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ അറിയിച്ചു.
വിസ നിയന്ത്രണം പിന്‍വലിക്കാനെടുത്ത ഓസ്ട്രേലിയയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോയവര്‍ക്കും വലിയ ആശ്വാസമായ നടപടിയാണിതെന്നും ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ കൊറോണ കാലത്ത് ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും എന്നും സഹായവുമായി നില്‍ക്കുകയാണ്. വാക്സിന്റെ കാര്യത്തിലും അവശ്യ മരുന്നുകളുടെ കാര്യത്തിലും ഇന്ത്യ എന്നും സഹായഹസ്തവുമായി നില്‍ക്കുകയാണെന്നും ജയശങ്കര്‍ സ്‌കോട് മോറിസനുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു.