ഈ ആഴ്ച ആദ്യം സൈനികനിയമം പ്രഖ്യാപിച്ചതിൽ മാപ്പ് പറഞ്ഞ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യിയോൾ. ഒപ്പം ഇനി ഇത്തരമൊരു ഉത്തരവ് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ അസംബ്ലിയിൽ ഉടൻ അസാധുവാക്കിയ ചൊവ്വാഴ്ച രാത്രിയിലെ പ്രഖ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലായ നേതാവ് ഇംപീച്ച്മെന്റ് നേരിടാൻ സാധ്യതയുണ്ട്.
“ഞാൻ വളരെ ഖേദിക്കുന്നു, പട്ടാളനിയമത്തിൽ പകച്ചുപോയ ആളുകളോട് ആത്മാർഥമായി ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. സൈനികനിയമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിയമപരമോ, രാഷ്ട്രീയമോ ആയ ഒരു ഉത്തരവാദിത്തവും ഞാൻ ഒഴിവാക്കില്ല” – യൂൻ തന്റെ ഹ്രസ്വ ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.
സൈനികനിയമം പ്രഖ്യാപിച്ചതിനുശേഷമുള്ള ആദ്യപ്രസംഗമായ രാഷ്ട്രത്തോടുള്ള പ്രസംഗം അദ്ദേഹം രാജിവയ്ക്കാൻ ഉപയോഗിക്കുമെന്ന് അനുമാനിക്കപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം അങ്ങനെ ചെയ്തില്ല. പകരം സ്ഥിതിഗതികൾ സുസ്ഥിരമാക്കാനുള്ള പ്രവർത്തനങ്ങൾ തന്റെ ഭരണകക്ഷിയെ ഏൽപിക്കുമെന്ന് പറഞ്ഞു. ഇംപീച്ച്മെന്റിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചിട്ടില്ല.
ശനിയാഴ്ച യൂണിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തിൽ വോട്ടെടുപ്പ് നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. 300 അംഗ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാക്കാൻ യൂണിന്റെ പാർട്ടിയിലെ കുറഞ്ഞത് എട്ട് അംഗങ്ങളെങ്കിലും വോട്ട് ചെയ്യേണ്ടതുണ്ട്.
വെള്ളിയാഴ്ച പ്രസിഡന്റ് യൂണിന്റെ പരാമർശങ്ങളിൽ തനിക്ക് നിരാശയുണ്ടെന്നും അവ പൊതുജനങ്ങളുടെ കോപം വർധിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് ലീ ജേ-മിയുങ് പറഞ്ഞു. ദക്ഷിണ കൊറിയ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അപകടം പ്രസിഡന്റിന്റെ നിലനിൽപ്പാണ് എന്നും പ്രസിഡന്റിനെ പദവിയിൽനിന്ന് നീക്കം ചെയ്യാൻ പരമാവധി ശ്രമിക്കുമെന്നും ലീ കൂട്ടിച്ചേർത്തു.