Sunday, November 24, 2024

ശബരിമല വിമാനത്താവളം: പ്രത്യേക കമ്പനി രൂപീകരണ നടപടികള്‍ പൂര്‍ത്തിയായി

ശബരിമല വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രത്യേക കമ്പനി രൂപീകരണ നടപടികള്‍ പൂര്‍ത്തിയായി. ഇതുമായി ബന്ധപ്പെട്ട തുടര്‍വിഷയങ്ങള്‍ സംബന്ധിച്ച തീരുമാനം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

കഴിഞ്ഞ ഏപ്രിലിലാണ് ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറന്‍സ് അനുമതി ലഭിച്ചത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട 2570 ഏക്കര്‍ ഭൂമി വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നതിനാണ് അനുമതി നല്‍കിയത്. 3500 മീറ്ററുള്ള റണ്‍വേക്കായി മാത്രം 307 ഏക്കര്‍ ഭൂമി വേണ്ടിവരും. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഏറ്റവും വലിയ റണ്‍വേയാണ് ശബരിമലയില്‍ നിര്‍മ്മിക്കുന്നത്.

അതേസമയം, പദ്ധതിയുടെ തുടര്‍നടത്തിപ്പിനുള്ള കമ്പനി രൂപീകരണമാണ് ഇപ്പോള്‍ അവസാനിച്ചത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ പാരിസ്ഥിതികാഘാതപഠനം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റാണ് പദ്ധതി സംബന്ധിച്ച സാമൂഹികാഘാതപഠനം നടത്തിയത്. സ്ഥലമേറ്റെടുക്കല്‍, കര്‍ഷകരടക്കമുള്ളവരുടെ വ്യാപക കുടിയിറക്കത്തിന് കാരണമാകുമെന്നും പ്രാദേശികസമൂഹങ്ങളുടെ സ്വത്തവകാശം നഷ്ടപ്പെടുന്നത് സാമൂഹികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു. പഠനം വിലയിരുത്തി ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ഥലം സന്ദര്‍ശിച്ച് വിഷയങ്ങള്‍ വിലയിരുത്തിയ വിദഗ്ധസമിതി രണ്ടുദിവസത്തിനകം ശുപാര്‍ശ സമര്‍പ്പിക്കുമെന്നാണ് വിവരം.

Latest News