റഷ്യയില്‍നിന്ന് യൂറോപ്പിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന നോര്‍ഡ് സ്ട്രീം പൈപ്പ് ലൈനുകളില്‍ അട്ടിമറിയെന്ന് സംശയം. ഡെന്മാര്‍ക്കിനു സമീപം ബാള്‍ട്ടിക് കടലില്‍ക്കൂടി കടന്നുപോകുന്ന രണ്ടാം പൈപ്പ് ലൈനില്‍ തിങ്കളാഴ്ച ചോര്‍ച്ച കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ചയായതോടെ ഒന്നാം പൈപ്പ് ലൈനിലെ മര്‍ദം അപകടകരമാംവിധം താഴ്ന്നതായും കണ്ടെത്തിയതോടെയാണ് ഇവ സ്വാഭാവിക തകരാറല്ലെന്ന പ്രതീതി പരന്നത്.
രണ്ടാം പൈപ്പ് ലൈന്‍ ഉപയോഗത്തില്‍ ഉണ്ടായിരുന്നില്ല. നിര്‍മാണം പൂര്‍ത്തിയായി പ്രവര്‍ത്തനസജ്ജമായിരുന്നെങ്കിലും ഡൊണെട്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നിവയെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി റഷ്യ അംഗീകരിച്ചതിനെത്തുടര്‍ന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അനുമതി നിഷേധിക്കുകയായിരുന്നു. ഒന്നാം പൈപ്പ് ലൈന്‍ വഴി മാസാദ്യംവരെ വാതകം എത്തിച്ചിരുന്നെങ്കിലും പിന്നീട് റഷ്യ വിതരണം നിര്‍ത്തിവച്ചു.
ദുരൂഹമായ ചോര്‍ച്ചയുടെയും മര്‍ദവ്യതിയാനത്തിന്റെയും കാരണം അന്വേഷിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു. നോര്‍വേയില്‍നിന്ന് പോളണ്ടിലേക്ക് ബാള്‍ട്ടിക് കടല്‍വഴി വാതകം എത്തിക്കുന്ന പുതിയ പൈപ്പ് ലൈന്‍ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു.