നാഗോര്‍ണോ – കരാബാക്കിലെ അര്‍മേനിയന്‍ ക്രിസ്ത്യന്‍ ദൈവാലയങ്ങളെ അസര്ബൈജാന് മോസ്കുകളാക്കി മാറ്റുകയാണെന്നു വെളിപ്പെടുത്തി അര്‍മേനിയയിലെ വനാഡ്സോറില് നിന്നുള്ള ഫാ. തിറൈര് ഹക്കോബിയാന്‍. നാഗോര്‍ണോ – കരാബാക്ക് പ്രദേശത്തുനിന്നു പലായനം ചെയ്യപ്പെടാന്‍ നിര്‍ബന്ധിതരായ അര്‍മേനിയന്‍ വംശജരുടെ ഇപ്പോഴത്തെ അവസ്ഥകള്‍ പങ്കുവയ്ക്കവെയാണ് അദ്ദേഹം ഇക്കാര്യം വേദനയോടെ വെളിപ്പെടുത്തിയത്.
അന്താരാഷ്ട്രസമൂഹം നിഷ്ക്രിയമായി നോക്കിനില്ക്കേണ്ടിവന്ന അര്‍മേനിയന്‍ വംശഹത്യയ്ക്കുശേഷം നാഗോര്‍ണോ – കരാബാക്കില്‍ അവരുടേതായി അവശേഷിക്കുന്ന എല്ലാ തെളിവുകളും നശിപ്പിക്കുകയാണെന്നും അതിലൂടെ ചരിത്രം പുനര്‍നിര്‍വചിക്കാനുള്ള ശ്രമമാണ് അസര്ബൈജാന് നടത്തുന്നതെന്നും ഫാ. തിറൈര് ഹക്കോബിയാന്‍ ചൂണ്ടിക്കാണിക്കുന്നു.
‘നഗോര്‍ണോ – കരാബാക്കില്‍ ഇനി അര്‍മേനിയക്കാര്‍ ഇല്ല, അത് പൂര്‍ണ്ണമായും ശൂന്യമാണ്. ഇപ്പോള്‍ അസര്‍ബൈജാനില്‍ ജനസംഖ്യയുടെ 95% മുസ്ലീങ്ങളാണ്. അതിനാല്‍ത്തന്നെ ക്രിസ്ത്യന്‍ ദൈവാലയങ്ങളെ അവര്‍ മോസ്കുകളാക്കിമാറ്റുന്നു. അര്‍മേനിയന്‍ വംശജരുടെ ഒരുതരത്തിലുള്ള തെളിവുകളും അവുടെ അവശേഷിക്കാന്‍ പാടില്ല എന്ന ഉദ്ദേശ്യവും ചരിത്രം പുനര്‍നിര്‍വചിക്കുക എന്ന ലക്ഷ്യവുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കുപിന്നില്‍. ഇത് അത്യന്തം വേദനാജനകമാണ്’ – ഫാ. ഹക്കോബിയാന്‍ പറഞ്ഞു.
‘നാഗോര്‍ണോ – കരാബാക്കിലെ അര്‍മേനിയന്‍ അപ്പസ്തോലിക് ചര്‍ച്ചിന് വളരെ വലിയ പൈതൃകമുണ്ട്. അഞ്ചും ആറും നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ട പുരാതനവും ക്രിസ്തീയപാരമ്പര്യം വിളിച്ചോതുന്നതുമായ ദൈവാലയങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. കെട്ടിടങ്ങള്‍ നീക്കംചെയ്യുകയും പേരുമാറ്റുകയും ചെയ്താല്‍, പള്ളിയും അതിന്റെ ചരിത്രവുമറിയാത്ത ആര്‍ക്കും അതു വിശ്വസിക്കാന്‍ കഴിയും’ – ഫാ. ഹക്കോബിയാന്‍ ചൂണ്ടിക്കാട്ടി. അസര്ബൈജാന് ചരിത്രത്തെ വ്യാജമാക്കാന്‍ രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുപോലും ധാരാളം പണം നല്‍കുന്നുവെന്ന് അദ്ദേഹം അപലപിച്ചു.
ഇന്ന് എന്തെങ്കിലും കൃത്രിമം കാണിക്കുന്നത് വളരെ എളുപ്പമാണ് എന്നും അസര്ബൈജാന് സൃഷ്ടിക്കുന്ന ആ നുണയെ അപലപിക്കുക എന്നതാണ് തന്റെ അഭ്യര്‍ഥന എന്നും ഫാ. ഹക്കോബിയാന്‍ വ്യക്തമാക്കി.