Friday, February 28, 2025

സജി ചെറിയാൻ മന്ത്രിസഭയിലേക്ക്

ഭരണഘടനാ അവഹേളനത്തിന്റെ പേരിൽ രാജിവെച്ച സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്കെത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി നൽകിയതിനെ തുടർന്നാണ് സജി ചെറിയാന്റെ മടങ്ങി വരവ്. പുതുവർഷത്തിൽ അദ്ദേഹം വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

നിയമസഭാ സമ്മേളനം ചേരുന്നതിന് മുൻപ് തന്നെ സത്യപ്രതിജ്ഞയുണ്ടാകും. ഗവർണറുടെ സൗകര്യം നോക്കി തീയതി നിശ്ചയിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഴയ വകുപ്പുകൾ തന്നെ അദ്ദേഹത്തിന് തിരിച്ച് നൽകാനാണ് തീരുമാനം. ജൂലൈ ആറിനാണ് ഭരണഘടനാ അവഹേളനത്തിന്‌റെ പേരിൽ സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നത്.

സജി ചെറിയാനെതിരെ തെളിവ് കണ്ടെത്താൻ കഴിയാതിരുന്നതോടെ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു. തെളിവുശേഖരണം സാധ്യമല്ലെന്നും ഭരണഘടനയെ അവഹേളിക്കണമെന്ന ലക്ഷ്യത്തോടെയല്ലായിരുന്നു പ്രസംഗം എന്നുമാണ് പോലീസ് വെളിപ്പെടുത്തിയത്.

Latest News