Tuesday, November 26, 2024

ഭരണഘടനയെ അവഹേളിച്ച് പ്രസംഗം; മന്ത്രി സജി ചെറിയാന്‍ രാജിവച്ചു; പ്രസംഗം ദുര്‍വാഖ്യാനം ചെയ്തുവെന്ന് ന്യായീകരണം

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. രാജി സ്വതന്ത്രമായ തന്റെ തീരുമാനമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം തെറ്റായി വ്യാഖ്യാനം ചെയ്തുവെന്നും ഭരണഘടനയെ അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പ്രസംഗത്തിലെ പൂര്‍ണഭാഗം മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തില്ലായെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിലെ ഏതാനും ഭാഗങ്ങള്‍ ആണ് പ്രചരിച്ചതെന്നും പ്രസംഗം ദുര്‍വാഖ്യാനം ചെയ്തുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടനാ സംരക്ഷണം ഏറ്റെടുത്തവരാണ് സിപിഐഎമ്മും ഇടതുപക്ഷവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

ഭരണഘടനയോടുള്ള കൂറും വിധേയത്വവും 43 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തില്‍ പുലര്‍ത്തിയിട്ടുണ്ട്. പറഞ്ഞ വാക്കുകള്‍ തെറ്റിധാരണ പടര്‍ത്തി പ്രചരിപ്പിക്കുകയാണ്. പ്രസംഗം അടര്‍ത്തി മാറ്റിയാണ് പ്രചരിപ്പിക്കുന്നത്. ഇത് സര്‍ക്കാരിന് അവമതിപ്പുണ്ടാക്കാന്‍ ഉപയോഗിക്കുകയാണ്. എന്നും ഭരണഘടനയെ ആദരിക്കുന്ന പൊതുപ്രവര്‍ത്തകനാണ്. ഇത് സംബന്ധിച്ച് നിയമസഭയില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്.

നിയമപരമായും രാഷ്ട്രീയമായും എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് രാജ്യത്തെ ഭരണഘടനാ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുക എന്നത് പ്രധാന ഉത്തരവാദിത്തമാണ്. കോണ്‍ഗ്രസും ബിജെപിയും ഭണഘടനയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്. പ്രസംഗത്തിലെ പരാമര്‍ശങ്ങളെപ്പറ്റി മുഖ്യമന്ത്രി നിയമ ഉപദേശം തേടിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.

ഉച്ചയ്ക്ക് ശേഷം നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് സജി ചെറിയാന്‍ മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത് കൈമാറിയത്. യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത് എന്നാണ് വിവരം. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഇതോടെയാണ് രാജിവയ്ക്കാന്‍ മന്ത്രിയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമായത്.

 

 

Latest News