യുഎസില്‍ പ്രഭാഷണപരിപാടിക്കിടെ അക്രമിയുടെ കുത്തേറ്റ് ചികിത്സയില്‍ തുടരുന്ന പ്രശസ്തസാഹിത്യകാരന്‍ സല്മാന് റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. വെന്റിലേറ്റര്‍ സൗകര്യം നീക്കംചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. റുഷ്ദിക്കു സംസാരിക്കാന്‍ കഴിയുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എങ്കിലും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂയോര്‍ക്കിലെ ഷട്ടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രസംഗിക്കുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലബനീസ് വേരുകളുള്ള ഹാദി മാറ്റാര് എന്ന 24 കാരന് റുഷ്ദിയെ ആക്രമിച്ചത്. പ്രതിയെ സുരക്ഷാസേന പിടികൂടി. ഇറാന്റെ വിപ്ലവസേനയായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡിന്റെ കടുത്ത ആരാധകനാണ് ഇയാള്‍.
ഫേസ്ബുക്കില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. അതേസമയം ഇറാന് സര്‍ക്കാരുമായി ഇയാള്‍ക്കു നേരിട്ടു ബന്ധമുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതിക്കെതിരേ വധശ്രമം ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പ്രോസിക്യൂട്ടര്‍ പറഞ്ഞു.
അതിനിടെ ഹാദിയെ വാനോളം പുകഴ്ത്തുകയാണ് ഇറാന് മാധ്യമങ്ങള്‍. ധീരതയും കര്‍ത്തവ്യബോധവുമുള്ള മനുഷ്യനാണ് ഹാദിയെന്ന് തീവ്രയാഥാസ്ഥിതിക പത്രമായ കെയ്ഹാന് പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് റുഷ്ദിക്കെതിരേ ആക്രമണം നടന്നതെന്ന് യുഎസ് അധികൃതര്‍ വിശദീകരിച്ചു. ഒരുതരത്തിലുള്ള പ്രകോപനവും ആക്രമണത്തിനു പിന്നിലില്ലെന്നും അവര്‍ വ്യക്തമാക്കി.