Sunday, April 20, 2025

സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഹാദി മേതര്‍: പ്രതിയുടെ ചിത്രം പുറത്ത് വിട്ട് ന്യൂയോര്‍ക് പോലീസ്

എഴുത്തുകാരന്‍ സര്‍ സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളുടെ ചിത്രം ന്യൂയോര്‍ക് പോലീസ് പുറത്തുവിട്ടു. ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഹാദി മേതര്‍ എന്ന ഭീകരനാണ് ആക്രമണം നടത്തിയത്.

ന്യൂയോര്‍ക്കിലുള്ള ചൗത്വാക്വാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ആക്രമണം.സദസ്സിലിരുന്ന ഭീകരന്‍ വേദിയിലേക്ക് ചാടിക്കയറി കത്തിയുപയോഗിച്ച് സല്‍മാന്‍ റുഷ്ദിയെ കഴുത്തിലും വയറിലും ആഞ്ഞു കുത്തുകയായിരുന്നു.

ആക്രമണത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും കഴുത്തില്‍ കുത്തേറ്റതോടെ കുഴഞ്ഞു വീണു. വീണയിടത്തിട്ട് നെഞ്ചിലും തോളെല്ലിനിടയിലും മുഖത്തും അക്രമി ആഞ്ഞു കുത്തിയെന്ന് ദൃക്ഷാക്ഷികള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴുത്തിലുള്ള മുറിവില്‍ നിന്ന് രക്തം ചീറ്റിത്തെറിക്കുന്നുണ്ടായിരുന്നു. പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പരിപാടിയുടെ അദ്ധ്യക്ഷനായ ഹെന്‍ഡ്രി റീസിനും പരിക്കേറ്റെന്ന് ന്യൂയോര്‍ക് പോലീസ് പറഞ്ഞു. ഇപ്പോള്‍ വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന്റെ ഒരു കണ്ണ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടെന്നും ജീവന്‍ തിരിച്ചുപിടിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും റുഷ്ദിയുടെ സുഹൃത്തായ പ്രസാധകന്‍ ആന്‍ഡ്രൂ വെയ്‌ലി മാദ്ധ്യമങ്ങളെ അറിയിച്ചു.

ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷ് പൗരനാണ് എഴുപത്തഞ്ചുകാരനായ സല്‍മാന്‍ റുഷ്ദി. കഴിഞ്ഞ 20 വര്‍ഷമായി യുഎസിലാണ് താമസം. 1981ല്‍ പുറത്തുവന്ന ‘മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍’ എന്ന നോവലിലൂടെയാണ് സല്‍മാന്‍ റുഷ്ദി പ്രസിദ്ധനാവുന്നത്. ഈ പുസ്തകത്തിന് ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

 

 

 

 

 

 

Latest News