സ്വവർഗ വിവാഹത്തിന് നിയമാനുമതി നൽകാനാവില്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ബി.വി. നാഗരത്ന, പി.എസ്. നരസിംഹ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹർജികൾ പരിശോധിച്ചതിനു ശേഷം തള്ളിയത്.
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന് പുറമേ ജസ്റ്റിസുമാരായ എസ്.കെ. കൗൾ, രവീന്ദ്ര ഭട്ട്, പി.എസ്. നരസിംഹ, ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ച് 2023 ഒക്ടോബർ 17-ന് ആണ് സ്വവർഗ വിവാഹത്തിന് നിയമാനുമതി നൽകാനാവില്ലെന്നും അതിനുള്ള നിയമനിർമാണം നടത്തേണ്ടത് പാർലമെന്റാണ് എന്നും വിധിച്ചത്. വിവാഹത്തിനുള്ള അവകാശം മൗലികമല്ലെന്നു വിധിച്ച കോടതി സ്വവർഗ്ഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാൻ കഴിയില്ല എന്നും വ്യക്തമാക്കിയിരുന്നു.
“സ്വവർഗ ദമ്പതിമാർക്ക് വിവാഹം കഴിക്കാൻ അനുമതി നിഷേധിക്കുന്ന സ്പെഷ്യൽ മാര്യേജ് ആക്ടിലെ വകുപ്പുകൾ റദ്ദാക്കാനാവില്ല. സ്വവർഗ ദമ്പതിമാർക്ക് വിവാഹം കഴിക്കാൻ മൗലികാവകാശമുണ്ടെന്ന് അവകാശപ്പെടാനും കഴിയില്ല”- വിധി പ്രസ്താവിച്ച ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ നിരവധിയാളുകൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.