കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിക്ക് സീൽദാ കോടതി ഇന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. റോയിക്ക് 50,000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു. കൂടാതെ, നഷ്ടപരിഹാരമായി പശ്ചിമ ബംഗാൾ സംസ്ഥാനം 17 ലക്ഷം രൂപ ഇരയുടെ കുടുംബത്തിനു നൽകാനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒമ്പതിന് കൊൽക്കത്തയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കാർ ആശുപത്രിയിൽവച്ച് പ്രതി ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. ആശുപത്രിയിലെ സെമിനാർ മുറിയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഈ സംഭവം രാജ്യവ്യാപകമായ രോഷത്തിനും സർക്കാർ ആശുപത്രികളിലെ സുരക്ഷാനടപടികൾ ശക്തമാക്കാനും നീതി ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ ജൂനിയർ ഡോക്ടർമാരുടെ നീണ്ട പ്രതിഷേധത്തിനും കാരണമായി.
സംഭവം നടന്ന് മൂന്നു മാസത്തിനുശേഷം നവംബർ 11 നാണ് ബലാത്സംഗ, കൊലപാതക കേസിന്റെ വിചാരണ കൊൽക്കത്ത കോടതിയിൽ ആരംഭിച്ചത്. കൽക്കട്ട ഹൈക്കോടതിയുടെ നിർദേശപ്രകാരം കൊൽക്കത്ത പൊലീസിൽനിന്ന് അന്വേഷണം ഏറ്റെടുത്ത സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി. ബി. ഐ.) റോയിക്ക് ‘പരമാവധി ശിക്ഷ’ നൽകണമെന്ന് ആവശ്യപ്പെട്ടു. ജനുവരി ഒൻപതിന് വിചാരണ പൂർത്തിയായി.