Sunday, November 24, 2024

സാന്റോറിനി അഥവാ ഗ്രീസിലെ സ്വര്‍ഗം

ലോകത്തില്‍ മറ്റൊരിടത്തും കാണുവാന്‍ സാധ്യതയില്ലാത്ത തരത്തില്‍ അതിമനോഹരമായ സൂര്യാസ്തമയം, വെളുത്ത ചായം പൂശി അസ്തമയത്തിന്റെയും കടലിന്റെയും നിറം പേറിനില്‍ക്കുന്ന കെട്ടിടങ്ങള്‍…ഇത്രയും മാത്രം മതി സാന്റോറിനി എന്ന ഗ്രീസിലെ സ്വര്‍ഗ്ഗത്തിനെ വിശേഷിപ്പിക്കുവാന്‍. ധാരാളം ആളുകള്‍, സാന്റോറിനിയെ അവരുടെ വിവാഹ-ഹണിമൂണ്‍ ലക്ഷ്യസ്ഥാനമായും തിരഞ്ഞെടുക്കുന്നു. ഗ്രീസില്‍ നിന്ന് 200 കിലോമീറ്റര്‍ തെക്ക് കിഴക്ക് മാറിയാണ് സാന്റോറിനി ദ്വീപ് സ്ഥിതി ചെയ്യുന്നത്. അഗ്‌നിപര്‍വതങ്ങള്‍ക്കു പേരു കേട്ട ദ്വീപ് കൂടിയാണിത്. ഏറ്റവും വലിയ അഗ്‌നിപര്‍വതം റെക്കോഡ് ചെയ്യപ്പെട്ടതും ഇവിടെ തന്നെയായിരുന്നു. ഫിറയാണ് തലസ്ഥാനം. സാന്റോറിനിയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍ വായിക്കാം

മാജിക്കല്‍ ഐലന്‍ഡ്

ഗ്രീസിലെ മാജിക്കല്‍ ഐലന്‍ഡ് എന്നാണ് സാന്റോറിനി അറിയപ്പെടുന്നത്. പ്രണയത്തിന്റെ പ്രതീകമായ ഈ മാന്ത്രിക ദ്വീപ് ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ദ്വീപസമൂഹമാണ്. ബിസി പതിനാറാം നൂറ്റാണ്ടിന് മുമ്പുണ്ടായ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് ഏജിയന്‍ കടലില്‍ രൂപമെടുത്തതാണ് സാന്റോറിനി. ക്രൗണ്‍ ഓഫ് ജൂവല്‍സ് എന്നും സാന്റോറിനി അറിയപ്പെടുന്നു. ടൂറിസമാണ് ഈ ദ്വീപിലെ പ്രധാന വരുമാനമാര്‍ഗം.

കാല്‍ഡെറയുടെ മധ്യഭാഗത്തുള്ള ഒരു അഗ്‌നിപര്‍വ്വത ദ്വീപായ നിയാ കമേനിക്ക് ചുറ്റും ചൂടുള്ള ഇരുണ്ട വെള്ളമുണ്ട്. അത് അവയുടെ ചികിത്സാ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. നിയാ കമേനിയിലെ ജലത്തില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പും മാംഗനീസുമാണ് പ്രായമായ ആളുകള്‍ സാധാരണയായി അനുഭവിക്കുന്ന പല രോഗങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നതെന്ന് കരുതപ്പെടുന്നു.

 

പേരു മാറ്റം

വളരെയധികം മാറ്റങ്ങളിലൂടെ കടന്നുപോയതാണ് സാന്റോറിനി എന്ന പേര്. നിയോലിത്തിക്ക് കാലഘട്ടത്തില്‍, ഈ ദ്വീപിനെ സ്‌ട്രോംഗോലി (വൃത്താകൃതിയിലുള്ളത്) എന്നായിരുന്നു വിളിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം, ദ്വീപിന്റെ പേര് കല്ലിസ്റ്റേ (ഏറ്റവും മനോഹരം) എന്നാക്കി മാറ്റി. ഗ്രീക്ക് സ്വാതന്ത്ര്യത്തിന് ശേഷം, തലസ്ഥാന നഗരത്തിന്റെ പേരില്‍ തിര എന്ന് വിളിക്കപ്പെട്ടു. പെരിസ്സ ഗ്രാമത്തിലെ പഴയ കത്തീഡ്രലിന്റെ പേരില്‍ നിന്ന് ‘സാന്താ’, ‘ഐറിന്‍’ എന്നീ പദങ്ങളുടെ സങ്കോചമാണ് ‘സാന്തോറിനി’ എന്ന പേര്.

ബീച്ചുകളുടെ വൈവിധ്യം

മനോഹരമായ ബീച്ചുകളും അപൂര്‍വ്വസൗന്ദര്യമുള്ള പ്രകൃതിയും ചരിത്രഗന്ധം ഉണര്‍ത്തുന്ന നഗരങ്ങളുമാണ് സാന്റോറിനിയുടെ പ്രത്യേകത. ബീച്ചുകളുടെ വൈവിധ്യത്തിന്റെ പേരിലും ഇവിടം ശ്രദ്ധേയമാകുന്നു. സാന്റോറിനിയില്‍ പ്രധാനപ്പെട്ട ആറു ബീച്ചുകളാണുള്ളത്. അഗ്നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തനഫലമായി രൂപം കൊണ്ട റെഡ് ബീച്ച്, വൈറ്റ് ബീച്ച് എന്നിവയാണ് ഇവയില്‍ മുഖ്യം. കമാരി ബീച്ചാണ് മറ്റൊന്ന്. കറുത്ത മണല്‍ത്തരികളോടു കൂടിയതാണ് ഇവിടം. സ്ഫടിക സമാനമാണ് വെള്ളം.

വീടുകളേക്കാള്‍ കൂടുതല്‍ പള്ളികള്‍

സാന്റോറിനിയുടെ മറ്റൊരു പ്രത്യേകത ഇവിടുത്തെ പള്ളികളാണ്. ദ്വീപില്‍ പള്ളികളില്ലാത്ത ഒരു പ്രദേശം പോലുമില്ല. വീടുകളേക്കാള്‍ കൂടുതല്‍ പള്ളികള്‍ ഇവിടെ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ആകൃതിയിലും വലിപ്പത്തിലുമുള്ള 600 ലധികം പള്ളികള്‍ ഇവിടെ കാണാം. അവയില്‍ മിക്കതും വളരെ ചെറുതും സ്വകാര്യവുമാണ്.

സുലഭമായി വൈന്‍

മനംമയക്കുന്ന കാഴ്ചകളോടൊപ്പം ധാരാളം വീഞ്ഞും വൈനറികളും ഇവിടെയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വൈന്‍ സുലഭമായി ലഭിക്കുന്ന സ്ഥലവും ഇവിടെയാണ്. റോമാകാലഘട്ടം മുതല്‍ തന്നെ വൈന്‍ നിര്‍മ്മാണത്തില്‍ ഇവര്‍ മുന്‍പന്തിയിലായിരുന്നു. നൂറിലധികം വ്യത്യസ്ത തരത്തിലുള്ള മുന്തിരികളാണ് ഇവിടെ വളരുന്നത്. അതുല്യമായ കാലാവസ്ഥയും അഗ്നിപര്‍വ്വത മണ്ണിലെ ധാതുക്കളുടെ പ്രത്യേകതയും കൊണ്ടാവാം ഇത്രമേല്‍ പ്രത്യേകതയാര്‍ന്ന മുന്തിരികളും വൈനുകളും ലഭ്യമാകുന്നതെന്നാണ് കരുതപ്പെടുന്നത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആളുകള്‍ വൈന്‍ നിര്‍മ്മാണ പാരമ്പര്യവും അതിന്റെ രുചിയും അടുത്തറിയാന്‍ ഇവിടെയെത്തുന്നു.

വെളുത്ത വീടുകള്‍ക്ക് പിന്നിലെ രഹസ്യം

വെളുത്ത ചായം പൂശി നില്‍ക്കുന്ന അതിമനോഹരമായ വീടുകളാണ് സാന്റോറിനിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഇതിന് പല കാരണങ്ങളാണ് പറയപ്പെടുന്നത്. വെളുത്ത നിറം വീടുകളെ തണുപ്പിക്കും എന്നതാണ് അതിലൊന്ന്. വെളുത്ത പെയിന്റ് ഇരുണ്ട നിറങ്ങളേക്കാള്‍ കുറഞ്ഞ ചൂട് ആഗിരണം ചെയ്യുന്നുണ്ടത്രേ. ഇത് ചൂടുള്ള ഗ്രീക്ക് വേനല്‍ക്കാലത്തെ കൂടുതല്‍ സഹനീയമാക്കുന്നു. മറ്റൊന്ന്, 1938-ല്‍ ഇയോനിസ് മെറ്റാക്സസിന്റെ സ്വേച്ഛാധിപത്യത്തിന്‍ കീഴില്‍ സംഭവിച്ച കോളറ പൊട്ടിപ്പുറപ്പെടലാണ്. വെളുത്ത പെയിന്റില്‍ ചുണ്ണാമ്പുകല്ല് അടങ്ങിയിരുന്നു. ഇത് അണുനാശിനിയായി, അണുബാധയുടെ വ്യാപനം തടയാന്‍ സഹായിക്കുന്നു.

കൊറോണ ബാധിക്കാത്ത ഇടം

യൂറോപ്പില്‍ കൊറോണ ബാധിക്കാത്ത സ്ഥലങ്ങളുടെ എണ്ണം ചുരുക്കമാണ്. കോറോണപ്പേടിയില്ലാതെ പോകാന്‍ കഴിയുന്ന സ്ഥലങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന സ്ഥലം കൂടിയാണ് ഗ്രീസിലെ സാന്റോറിനി ദ്വീപ്. സാന്റോറിനിയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളവും സ്ഥിതി ചെയ്യുന്നുണ്ടെന്നതും ടൂറിസ്റ്റുകള്‍ക്ക് അവിടേയ്ക്കുള്ള യാത്ര സുഗമമാക്കുന്നു.

സാന്റോറിനി നേരിടുന്ന വെല്ലുവിളി

സീസണ്‍ അനുസരിച്ച് മാറുന്നതാണ് സാന്റോറിനിയിലെ ജീവിതം. ഓഫ് സീസണില്‍ ഇവിടം ശാന്തവും ആകര്‍ഷകവും തിരക്കൊഴിഞ്ഞതുമാണ്. എന്നാല്‍ ടൂറിസ്റ്റ് സീസണില്‍ തികച്ചും വ്യത്യസ്തമായ രീതിയിലേയ്ക്ക് ഇവിടം മാറുന്നു. നഗരത്തിന്റെ ഓരോ മുക്കും മൂലയും സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കും. രാത്രിയെന്നോ പകലെന്നോ വ്യത്യാസവുമുണ്ടാകാറില്ല. ഈ ഓവര്‍ടൂറിസം പ്രാദേശിക ജനതയുടെ ജീവിതശൈലിക്കും നഗരത്തിന്റെ മൊത്തത്തിലുള്ള രൂപത്തിനും ഭീഷണിയായി തീരുകയാണ്. കാരണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ 66 ശതമാനം വര്‍ദ്ധനവാണുണ്ടായത്. സാന്റോറിനി പോലൊരു ചെറു പട്ടണത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അധികമാണ് നിലവില്‍ അവിടുത്തെ ജനസാന്ദ്രത.

 

 

 

Latest News