ആക്രമണത്തിന് അറുതിവന്നിട്ടില്ലെങ്കിലും യുക്രെയ്‌നിലെ സാപോറിഷ്യ ആണവനിലയം പരിശോധിക്കാന്‍ യുഎന്‍ ആണവനിരീക്ഷണസംഘം ഒരുങ്ങുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപോറിഷ്യയിലേക്ക് യുഎന്‍ പരിശോധനാസംഘം ഇന്നലെ പുറപ്പെട്ടതായാണു റിപ്പോര്‍ട്ടുകള്‍.
ആറുമാസമായി തുടരുന്ന യുദ്ധത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ ആണവനിലയത്തിന്റെ നിയന്ത്രണം റഷ്യന്‍സേന കൈവശപ്പെടുത്തിയെങ്കിലും യുക്രെയ്ന്‍ ജീവനക്കാരാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആണവനിലയത്തിന്റെ സമീപനഗരങ്ങളിലേക്ക് റഷ്യ ആക്രമണം തുടരുന്നതുമൂലം 1986 ല്‍ ചെര്‍ണോബില്‍ ആണവനിലയത്തിലുണ്ടായ തരത്തിലുള്ള ആണവികിരണത്തിന്റെ ഭീതിയിലാണ് യുക്രെയ്ന്‍ ജനത.
ഇതേത്തുടര്‍ന്ന് ആണവനിലയത്തില്‍ പരിശോധനയ്ക്ക് അനുമതി വേണമെന്ന് ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി ഒരുമാസമായി ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ ആ ദിനം വന്നെത്തിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
സ്വന്തം ചിത്രത്തിനൊപ്പം 13 വിദഗ്ധരുടെയും ചിത്രവും ഉള്‍പ്പെടുത്തിയായിരുന്നു ട്വീറ്റ്. മറ്റ് വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയിട്ടില്ല. ഡിനീപെര്‍ നദിയുടെ ഇടതുകരയിലുള്ള ആണവനിലയത്തിന്റെ സമീപമേഖല റഷ്യന്‍ നിയന്ത്രണത്തിലാണ്. ആണവനിലയത്തിലെ ആറ് റിയാക്ടറുകള്‍ താത്കാലികമായി പ്രവര്‍ത്തിപ്പിക്കുന്നില്ല. ആക്രമണം തുടരുന്ന സാഹചര്യത്തിലാണിത്.