Monday, November 25, 2024

സര്‍ദാര്‍ വല്ലഭായി പട്ടേല്‍; ഇന്ത്യയെ ഒന്നിപ്പിച്ച ഉരുക്കു മനുഷ്യന്‍

ഇന്ത്യന്‍ ഏകീകരണത്തിന്റെ മുഖ്യശില്പിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. തന്റെ ബുദ്ധിശക്തിയും, നൈപുണ്യവും, മനോദൃഢതയും, പ്രവര്‍ത്തന പരിചയവും കൊണ്ട് രാജ്യത്തിന്റെ അതിര്‍ത്തിയുടെ ഐക്യവും സമഗ്രതയും അദ്ദേഹം കാത്തു സൂക്ഷിച്ചു.

1875 ഒക്ടോബര്‍ 31 ന് ഗുജറാത്തിലെ കര്‍ഷക കുടുംബത്തില്‍ ജനനം. കാര്‍ഷിക വൃത്തികളില്‍ കുടുംബത്തെ സഹായിച്ചു കൊണ്ടു തന്നെ പഠനം നടത്തിയ പട്ടേല്‍ നിയമബിരുദ ധാരിയായി. ഇതിനിടയില്‍ വിവാഹം കഴിച്ചു. മണി ബെന്‍ എന്നും ദഹ്യ ഭായി എന്നും രണ്ട് കുട്ടികള്‍ ഉണ്ടായി. ഭാര്യ ഝാവേര്‍ബ 1909 ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. പൊതു പ്രവര്‍ത്തനവും സ്വാതന്ത്ര്യ സമര പോരാട്ടവും തുടങ്ങുന്നത് പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. അഹമ്മദാബാദിലെ ഏറ്റവും മികച്ച അഭിഭാഷകരില്‍ ഒരാളായി കഴിയവേ ആണ് ഗാന്ധിജിയുടെ ആശയങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചു തുടങ്ങുന്നത്. കര്‍ഷകര്‍ക്കും കൂലിപ്പണിക്കാര്‍ക്കും വേണ്ടി പ്രക്ഷോഭം നയിച്ച് പ്ലേഗ് എന്ന മഹാമാരിയെ തുരത്താന്‍ അശ്രാന്തം പരിശ്രമിച്ച് പട്ടേല്‍ ജനനായകനായി ഉയര്‍ന്നു.

ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍

ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നാണ് പട്ടേല്‍ അറിയപ്പെടുന്നത്. ഗാന്ധിജിയോടും ഗാന്ധിയന്‍ ആശയങ്ങളോടും അടങ്ങാത്ത ആരാധനയുമായി സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിരയില്‍ പട്ടേലുണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കര്‍ഷകരെയൊന്നാകെ കോര്‍ത്തിണക്കി സമരം നയിച്ചത് പട്ടേലായിരുന്നു. അവസരത്തിനൊത്തുയരാനും സന്ദര്‍ഭത്തിനു ചേരുന്ന സമീപനം സ്വീകരിക്കാനും ലാളിത്യത്തിന്റെ ആള്‍രൂപമായ പട്ടേലിന് കഴിഞ്ഞിരുന്നു.

സര്‍ദാര്‍ എന്ന വിളിപ്പേര്

മികച്ച സംഘാടകനും ജനഹൃദയം കവര്‍ന്ന നേതാവുമായിരുന്നു പട്ടേല്‍. ഗുജറാത്തിലെ ബര്‍ദോളിയില്‍ കര്‍ഷകരുടെ നികുതിവിരുദ്ധ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയതോടെ ‘സര്‍ദാര്‍’ എന്ന വിളിപ്പേരായി. ഗാന്ധിജിയാണ് അദ്ദേഹത്തിന് ആ പേര് സമ്മാനിച്ചത്.

നാട്ടുരാജ്യങ്ങളുടെ സംയോജനം

ശിഥിലമായി കിടന്ന ഇന്ത്യയെ ഒരുമിപ്പിക്കാന്‍ തികഞ്ഞ മതേതരവാദിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കിണഞ്ഞുശ്രമിച്ചു. സ്വയം ഭരണാവകാശമുള്ള 565ല്‍ പ്പരം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനൊപ്പം അണിചേര്‍ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്ന് പ്രകടിപ്പിച്ച നയതന്ത്ര വിരുതും അത്യന്തം ബുദ്ധിപൂര്‍വമായ നീക്കങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. നവഇന്ത്യയുടെ ശില്‍പിയായി ജവഹര്‍ലാല്‍ നെഹ്റു അദ്ദേഹത്തെ വിശേഷിപ്പിച്ചതും അതുകൊണ്ടാണ്.

സിവില്‍ സര്‍വീസിന്റെ പിതാവ്

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന വല്ലഭായ് പട്ടേല്‍ ഒരു രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നതില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് മറ്റാരെക്കാളും മനസിലാക്കിയ നേതാവായിരുന്നു. ഓള്‍ ഇന്ത്യ സര്‍വീസസ് രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പട്ടേല്‍, രാജ്യത്തിന്റെ ഉരുക്കുചട്ടക്കൂട് എന്നാണ് അതിനെ വിശേഷിപ്പിച്ചത്.

മരണവും മരണാനന്തര ബഹുമതിയും

1950ല്‍ 75ാം വയസില്‍ പട്ടേല്‍ ജീവിതത്തോട് വിട പറഞ്ഞപ്പോള്‍ രാജ്യത്തിന് നഷ്ടമായത് മികച്ച ഭരണ തന്ത്രജ്ഞനെയും നേതാവിനെയുമായിരുന്നു. 1991ല്‍ മരണാനാനന്തര ബഹുമതിയായി ഭാരതരത്‌ന പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ഏകതാ ദിവസ്

2014 മുതല്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനം രാഷ്ട്രീയ ഏകതാ ദിവസമായാണ് ആചരിക്കുന്നത്.

സ്റ്റാച്യു ഓഫ് യൂണിറ്റി

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയെന്ന പെരുമ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്മരണയ്ക്കായി നിര്‍മിച്ച ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ യ്ക്കാണ്. ഗുജറാത്തിലെ നര്‍മത ജില്ലയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപം സാധു ബെട്ട് ദ്വീപില്‍ ആണ് നിര്‍മ്മിച്ചത്. 2018 ഒക്ടോബര്‍ 31 നാണ് പ്രതിമ രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. പത്മഭൂഷണ്‍ രാം വി. സുധര്‍ ആണ് പ്രതിമയുടെ ശില്‍പി. 2,989കോടി രൂപ ചെലവഴിച്ചാണ് പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

 

Latest News