ഈ വർഷം മാർച്ച് മുതൽ റഷ്യ ഉത്തര കൊറിയയ്ക്ക് ഒരു ദശലക്ഷത്തിലധികം ബാരൽ എണ്ണ വിതരണം ചെയ്തതായി പുതിയ കണ്ടെത്തൽ. യുകെ ആസ്ഥാനമായുള്ള ഗവേഷണ ഗ്രൂപ്പായ ഓപ്പൺ സോഴ്‌സ് സെൻ്ററിൻ്റെ സാറ്റലൈറ്റ് ഇമേജറി വിശകലനമാണ് അനധികൃത എണ്ണ കൈമാറ്റം പുറത്ത് കൊണ്ടുവന്നത്.
യുക്രൈനിലെ യുദ്ധത്തിന് പിന്തുണ നൽകാൻ പ്യോങ്‌യാങ് മോസ്‌കോയിലേക്കയച്ച ആയുധങ്ങൾക്കും സൈനികർക്കുമുള്ള പ്രതിഫലമാണ് എണ്ണയെന്ന് പ്രമുഖ വിദഗ്ധരും യുകെ വിദേശകാര്യ സെക്രട്ടറിയുമായ ഡേവിഡ് ലാമി പറഞ്ഞു.
നോർത്ത് കൊറിയക്കെതിരെയുള്ള യുഎൻ ഉപരോധം ലംഘിച്ചുകൊണ്ടുള്ള കൈമാറ്റമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൂടുതൽ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽ നിന്ന് ഉത്തര കൊറിയയെ തടയുന്നതിന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്താനുള്ള ശ്രമത്തിൽ, ഉത്തര കൊറിയയ്ക്ക് എണ്ണ വിൽക്കുന്നതിൽ നിന്ന് രാജ്യങ്ങളെ യുഎൻ വിലക്കിയിരുന്നു. ചെറിയ അളവിൽ മാത്രമാണ് രാജ്യത്തേക്ക് എണ്ണ വിതരണമുള്ളത്.
പുറത്ത് വന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം, കഴിഞ്ഞ എട്ട് മാസത്തിനിടെ മൊത്തം 43 തവണ റഷ്യയുടെ ഫാർ ഈസ്റ്റിലെ ഒരു എണ്ണ ടെർമിനലിൽ ഒരു ഡസനിലധികം ഉത്തര കൊറിയൻ ടാങ്കറുകൾ എത്തിയതായി കണ്ടെത്തി. കൂടുതൽ ചിത്രങ്ങളിൽ നടത്തിയ നിരീക്ഷണത്തിൽ, ടാങ്കറുകൾ കാലിയായി എത്തുന്നതും തിരികെ നിറഞ്ഞ് പോകുന്നതും സ്ഥിരീകരിച്ചു.
ഓപ്പൺ മാർക്കറ്റിൽ നിന്ന് എണ്ണ വാങ്ങാൻ അനുവാദമില്ലാത്ത ലോകത്തെ ഏക രാജ്യമാണ് ഉത്തര കൊറിയ. രാജ്യത്തിന് വാങ്ങാൻ സാധിക്കുന്ന ശുദ്ധീകരിച്ച പെട്രോളിയത്തിൻ്റെ ബാരലുകളുടെ എണ്ണം ഐക്യരാഷ്ട്രസഭ പ്രതിവർഷം 500,000 ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ഇത് ആവശ്യമായ അളവിലും വളരെ കുറവാണ്. എണ്ണ കൈമാറ്റവുമായി ബന്ധപ്പെട്ട് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.