ഗെയിമിംഗിന്റെയും സ്പോർട്സിന്റെയും പ്രധാന ഹബ്ബായി സൗദിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ ഇ-സ്പോർട്സ് വേൾഡ് കപ്പ് പ്രഖ്യാപിച്ച് സൗദി അറേബ്യ. ലോക ചരിത്രത്തിൽ ആദ്യമായി ആണ് ഇ-സ്പോർട്സ് വേൾഡ് കപ്പ് സംഘടിപ്പിക്കുവാൻ ഒരുങ്ങുന്നത്. 2024 -ലെ സമ്മർ സീസൺ മുതൽ മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കംകുറിക്കുമെന്ന് ദി ന്യൂ ഗ്ലോബൽ സ്പോർട്സ് കോൺഫറൻസിൽ സൗദി പ്രഖ്യാപിച്ചു. വീഡിയോ ഗെയിമർമാർക്കും ലോകകപ്പിൽ വേദിയൊരുക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.
അടുത്തവർഷം മുതൽ മത്സരങ്ങൾക്ക് തുടക്കമാകുമെന്ന്, സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. പദ്ധതിവഴി 39,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സൗദി കിരീടവകാശി അറിയിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്ക്കരിക്കുക, ടൂറിസം മേഖല വളർത്തുക, പൗരന്മാർക്കും താമസരേഖയിലുള്ള വിദേശികൾക്കും സന്ദർശകർക്കും ഒരുപോലെ ലോകോത്തരവിനോദങ്ങൾ ആസ്വദിക്കാനുള്ള അവസരമൊരുക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളടങ്ങിയതാണ് പദ്ധതി.
എല്ലാവർഷവും ആവർത്തിക്കുന്ന തരത്തിലാണ് ഇ-സ്പോർട്സിന്റെ ക്രമീകരണം. ഇ-സ്പോർട്സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഈ രംഗത്തെ ആഗോളതലത്തിലുള്ള ഏറ്റവും വലിയ മത്സരങ്ങൾക്കായിരിക്കും സൗദി വേദിയാകുക. ഇൻഡസ്ട്രിയൽ അതിരുകൾ ഭേദിക്കുന്ന, സമാനതകളില്ലാത്ത സ്പോർട്സ് അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും മത്സരം. ചടങ്ങിൽ മുഖ്യാതിഥികളിൽ ഒരാളായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും എത്തും.